KeralaTop News

സ്വർണ അമ്പും വില്ലും വെള്ളി ആനകളും അയ്യപ്പന് കാണിക്കയേകി തെലങ്കാന സംഘം

Spread the love

ശബരിമല അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നൽകിയത്.

തന്റെ മകനായ അഖിൽ രാജിന് എം.ബി.ബി.എസിന് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചതിനെതുടർന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു.

ഇപ്പോൾ രണ്ടാംവർഷ വിദ്യാർഥിയാണ് മകൻ. ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിച്ചത്. മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽവെച്ച് കാണിക്ക ഏറ്റുവാങ്ങിയത്.
അതേസമയം മാളികപ്പുറം ശ്രീകോവിലിനുമുകളിലേക്ക് വസ്ത്രം എറിയുന്നതുപോലുള്ള ദുരാചാരങ്ങൾ ചെയ്യരുതെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു. ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദേശങ്ങൾ പാലിച്ച് ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ച് സുഗമമായ തീർഥയാത്രയാക്കി മാറ്റാൻ ഭക്തർ ശ്രദ്ധിക്കണം.

മകരവിളക്കിനായി നട തുറന്നിരിക്കുന്ന ഈ അവസരത്തിൽ ഭക്തജനത്തിരക്ക് വർധിക്കുകയാണ്. തൊഴാൻ വരുന്ന മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സഹകരിക്കണം. നിർദേശങ്ങൾ പാലിച്ച് എല്ലാവർക്കും മകരവിളക്ക് ദർശനം സുഗമമാക്കാൻ പ്രയത്നിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.