മാമി തിരോധാനം; കാണാതായ ഭാര്യയേയും ഡ്രൈവറേയും ഗുരുവായൂരില്‍ കണ്ടെത്തി
പ്രമുഖ വ്യവസായി മുഹമ്മദ് ആട്ടൂരിൻ്റെ ഡ്രൈവർ രജിത്ത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് കുടുബം നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. മാമി തിരോധാന കേസിൽ രണ്ടുതവണ രജിത് കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ ഡ്രൈവർ എലത്തൂർ സ്വദേശി രജിത്ത് കുമാർ ,ഭാര്യ തുഷാര എന്നിവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി, കുടുംബം നടക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പൊലീസ് ഇരുവർക്കുമായി നോട്ടീസ് പുറത്തിറക്കി. അതിനിടയിലാണ് ഗുരുവായൂരിൽ നിന്ന് ഇരുവരെയും കണ്ടെത്തിയത്. ഹോട്ടലിൽ മുറി എടുത്ത് താമസിക്കുകയായിരുന്ന രജിത്ത് കുമാറിനെയും ഭാര്യയെയും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഗുരുവായൂർ പോലീസ് കണ്ടെത്തുന്നത്. നടക്കാവ് പോലീസ് ഗുരുവായൂരെത്തി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങും. ശേഷം, കോടതിയിൽ ഹാജരാക്കും.അതിനിടെ, നടക്കാവ് പോലീസിനെതിരായ രജിത്ത് കുമാറിൻ്റെ ശബ്ദ സന്ദേശം പുറത്തുവന്നു.
മാമി തിരോധാന കേസിൽ ഡ്രൈവറായ രജിത് കുമാറിനെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. അടുത്തദിവസം ഹാജരാകണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു. നിരന്തരം ചോദ്യം ചെയ്യുന്നതിനാൽ രജിത് കുമാറിന് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. 2023 ഓഗസ്റ്റ് 21 നാണ്, റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മുഹമ്മദ് ആട്ടൂരിനെ കാണാതാവുന്നത്.