KeralaTop News

ഒളിവിൽ പോയിട്ടില്ല, 2 ദിവസത്തിനുള്ളിൽ നാട്ടിലെത്തും; പ്രതികരണവുമായി ഐ സി ബാലകൃഷ്ണൻ MLA

Spread the love

ഒളിവിലാണെന്ന പ്രചാരണം വ്യാജമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് കർണാടകയിലാണ് ഉള്ളതെന്നും ഉടൻ വയനാട്ടിൽ തിരിച്ചെത്തുമെന്നും ഐ സി ബാലകൃഷ്ണന്റെ വീഡിയോ സന്ദേശം.

സുഹൃത്തിൻറെ മകളുടെ വിവാഹത്തിനായി ബാംഗ്ലൂരിൽ പോയതാണ്. ഒളിവിൽ പോയി എന്നുള്ള പ്രചാരണം ശരിയല്ല.ജനപ്രതിനിധി എന്ന നിലയിൽ ഒളിച്ചോടേണ്ട ആളല്ല എന്ന ബോധ്യമുണ്ട്. തൻറെ ജനകീയതയെ ഇടതുപക്ഷത്തിന് ഭയമുണ്ട്. നീതി ലഭിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. നീതിന്യായ വ്യവസ്ഥയിൽ പരിപൂർണ്ണ വിശ്വാസമുണ്ട്. രണ്ടുദിവസത്തിനുള്ളിൽ നാട്ടിലെത്തും. സിപിഎമ്മിന് തന്നെ ഭയമുണ്ട്. അതിനാലാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നത്, ഐ സി ബാലകൃഷ്ണൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണൻ, ഡി സി സി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ പ്രതിയാക്കിയാക്കി കഴിഞ്ഞ ദിവസമാണ് കേസെടുത്തത് . ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത്തോടെ അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്താണ് പ്രതികൾ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ പരിഗണിച്ച കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി പതിനഞ്ചാം തീയതി വരെ അറസ്റ്റ് പാടില്ലെന്ന് പൊലീസിന് വാക്കാൽ നിർദേശം നൽകി. ഐ സി ബാലകൃഷണന്റെയും എൻ ഡി അപ്പച്ചന്റെയും ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ഇതോടെ ഇവർ ഒളിവിൽ പോയതായുള്ള അഭ്യൂഹം ശക്തമായിരുന്നു.

2021ല്‍ ഐ സി ബാലകൃഷ്ണന്‍ ഡി സി സി അധ്യക്ഷനായിരിക്കെ ബത്തേരി അര്‍ബന്‍ ബാങ്കിലേക്ക് സ്വീപ്പര്‍ തസ്തികയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ മകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ശിപാര്‍ശക്കത്ത് പുറത്തുവന്നു. നെന്മേനിക്കുന്ന് സ്വദേശിക്കാണ് പ്രവേശനം നല്‍കാന്‍ ശിപാര്‍ശ നല്‍കിയത്. 20 ലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത അഭിമുഖത്തില്‍ നിയമനം നല്‍കിയത് ശിപാര്‍ശ നല്‍കിയ ആള്‍ക്കായിരുന്നു. ഈ നിയമനത്തോടെയാണ് എന്‍ എം വിജയന്‍റെ മകന്‍ ജിജേഷിന് അര്‍ബന്‍ ബാങ്കിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതെന്നാണ് സിപിഐഎം ആരോപണം. ഇതിന് പിന്നില്‍ കോഴയിടപാടാണെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂര്‍ പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്.