‘പൊതുയിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം, സാധാരണക്കാരന് ഇല്ലാത്ത അവകാശം ബോബിക്കില്ല’; ഹൈക്കോടതി
പൊതു ഇടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് ഹൈക്കോടതി. എല്ലാ പൗരന്മാർക്കും ഉള്ള അവകാശം മാത്രമാണ് ബോബിക്കും ഉള്ളതെന്നും അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. ലൈംഗികാധിക്ഷേപ പരാമർശത്തിൽ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റി.
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ചൊവ്വാഴ്ച വരെ ജയിലിൽ തുടരും. അടിയന്തരമായി ജാമ്യ ഹർജി പരിഗണിക്കണം എന്ന ബോബിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് ജയിൽവാസം നീളുന്നത്. ഇടക്കാല ജാമ്യത്തിനായി ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകർ ശ്രമം നടത്തിയെങ്കിലും എല്ലാ പൗരന്മാർക്കും ഉള്ള അവകാശം മാത്രമാണ് ബോബിക്കും ഉള്ളതെന്നും അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു.
സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകിയെങ്കിലും മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ ജാമ്യ ഹർജിയിൽ ചുണ്ടിക്കാട്ടിയിരുന്നു.