പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ
തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ്. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികര്‍ക്കെതിരെയാണ് നടപടി. അതേസമയം ഭയപ്പെടുത്താനുള്ള നടപടിയാണ് സഭയുടേതെന്നും നിര്‍ഭയമായി പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് വൈദികര്‍ വ്യക്തമാക്കി.
എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസില്‍ പുതിയ കൂരിയന്മാരെ നിയമിച്ചതിനാണ് പ്രതിഷേധം. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികരാണ് ബിഷപ്പ് ഹൗസില്‍ പ്രതിഷേധ പ്രാര്‍ത്ഥന യജ്ഞം നടത്തുന്നത്. ബിഷപ്പ് ഹൗസ് അതിക്രമിച്ചുകയറി പ്രതിഷേധ പ്രാര്‍ത്ഥന നടത്തിയെന്ന് ചൂണ്ടികാട്ടി സിറോ മലബാര്‍ സഭ നടപടിയെടുക്കുമെന്ന് സിനഡ് യോഗം തീരുമാനമെടുത്തു. 21 വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കുലറാണ് പുറത്തിറക്കിയത്. ബിഷപ്പ് തങ്ങള്‍ ഒരു അക്രമ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ശിക്ഷ നടപടികള്‍ ഭയപ്പെടുത്താനുള്ള തീരുമാനമെന്നും വിമത വൈദികര്‍ പ്രതികരിച്ചു.
ഭിന്നിപ്പിച്ച ഭരിക്കാനുള്ള നീക്കമാണ് സഭയില്‍ നടക്കുന്നത്. പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. പ്രതിഷേധാഹ്വാനവുമായി അല്മായ മുന്നറ്റവും രംഗത്തെത്തി. അതിനിടയില്‍ എറണാകുളം ബസിലിക്കയില്‍ പരസ്പരം ഏറ്റുമുട്ടി ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും . ചെറിയ വാക്കു തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പോലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.