യഥാർത്ഥ പ്രതികളെ സംരക്ഷിക്കാൻ സിബിഐ മാതാപിതാക്കളെ പ്രതിചേർക്കുന്നു: വാളയാർ നീതിസമരസമിതി
വാളയാറിൽ രണ്ട് പെൺകുഞ്ഞുങ്ങൾ കൊല്ലപ്പെട്ട കേസിൽ സിബിഐ എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചതായി അറിയുന്ന കുറ്റപത്രം യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നതിനും നീതിക്കു വേണ്ടി സമരം ചെയ്യുന്ന മാതാപിതാക്കളെ പീഡിപ്പിക്കുന്നതിനുമാണെന്ന് വാളയാർ നീതിസമരസമിതി.
ഈ കേസിൽ സിബിഐ ആദ്യം സമർപ്പിച്ച കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളിയതിനെ തുടർന്ന് നിയോഗിക്കപ്പെട്ട സിബിഐയുടെ രണ്ടാം അന്വേഷണസംഘവും കേസിൽ കൊലപാതകത്തിന്റെ സാധ്യത തേടുകപോലും ഉണ്ടായില്ല. പോസ്റ്റ് മാർട്ടം റിപ്പോർട്ടും കുട്ടിയുടെ ഉയരവും സെലോഫിൻ പരിശോധനാവിവരങ്ങളും ആദ്യത്തെ കുട്ടി കൊല്ലപ്പെട്ടപ്പോൾ രണ്ടാമത്തെ കുട്ടി നൽകിയ മൊഴികളും ആത്മഹത്യ ചെയ്ത പ്രതിയുടെ ഫോൺ വിവരങ്ങളും മറ്റു പല സാഹചര്യതെളിവുകളും അവർ പരിഗണിച്ചതേയില്ലെന്നും വാളയാർ നീതിസമരസമിതി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പാലക്കാട് കോടതിയതിൽ നിന്നും കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയത് എന്തിനെന്നുള്ളതിനു ഒരു വിശദീകരണവും നൽകുന്നില്ല. ഇത്തരം കേസുകളിൽ ഇരകൾക്കു സ്വീകാര്യനായ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം തള്ളി കുടുംബത്തിൻ്റെ അറിവോ, സമ്മതമോ ഇല്ലാതെ മറ്റൊരു വക്കീലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതിലും ദുരൂഹതയുണ്ട്. ഇതെല്ലാം യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനും അമ്മ നടത്തുന്ന നീതിക്കായുള്ള പോരാട്ടങ്ങളെ തളർത്താനുമാണ് എന്ന് വ്യക്തമാണ്. തങ്ങൾ നുണ പരിശോധനക്ക് വിധേയരാകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചവരാണ് ഈ മാതാപിതാക്കൾ.
അമ്മയും അച്ഛനും കുട്ടികളെ ബലാൽസംഗത്തിന് പ്രേരിപ്പിച്ചു എന്ന വിചിത്രമായ വാദമാണ് കുറ്റപത്രത്തിൽ ഉള്ളതെന്നാണ് അറിയുന്നത്. കുട്ടിയെ ഒരു ബന്ധു കൂടിയായ പ്രതി പീഡിപ്പിച്ച കാര്യം രക്ഷിതാക്കൾ മറച്ചു വച്ചു എന്നതാണ് അവരെ പ്രതിചേർക്കാൻ ഉള്ള ന്യായമായി പറയുന്നതെന്നറിയുന്നു. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനക്ക് വന്നിട്ടുള്ളതായിരുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരും അമ്മയും സമർപ്പിച്ച അപ്പീൽ കേസിന്റെ ഹൈക്കോടതി വിധിന്യായത്തിന്റെ (CRL.A.No.1357 OF 2019 , 2021 ജനുവരി 6 ) ഖണ്ഡിക 73 ഇങ്ങനെ വിലയിരുത്തുന്നു :
” ഇരകൾക്കു മേൽ പ്രതി നടത്തിയ ലൈംഗിക അതിക്രമം സംബന്ധിച്ചുള്ള വിവരങ്ങൾ രക്ഷിതാക്കൾ വെളിപ്പെടുത്തിയത് രണ്ട് മാസത്തിനു ശേശം മാത്രമാണ് എന്നാണു ട്രയൽ കോടതി ജഡ്‌ജി പറയുന്നത്. ജഡ്ജി കരുതുന്നത് ഇത് പിന്നീടുണ്ടായ ഒരു ചിന്തയാണ് ഇത് എന്നാണു. എന്നാൽ അമ്മയെയും അച്ഛനെയും വിസ്തരിച്ചപ്പോൾ നൽകിയ മൊഴികളിൽ അവർ ഇക്കാര്യം ആരെയും അറിയിക്കാതിരുന്നത് ഒരു കൗമാരക്കാരിയായ മകൾക്കുണ്ടാകാവുന്ന അപമാനം ഭയന്നിട്ടായിരുന്നു എന്നാണു. ഈ മൊഴി സ്വീകാര്യമല്ലെന്നാണ് ജഡ്ജി പരിഗണിച്ചത്. ഈ ഇരകളുടെ കുടുംബം വരുന്നത് സാമൂഹ്യമായും സാമ്പത്തികമായും വളരെ താഴ്ന്ന പശ്ചാത്തലത്തിൽനിന്നാണ് എന്ന കാര്യം മനസ്സിലുണ്ടാകണം. അവരെ തങ്ങളുടെ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതും പ്രധാനമാണ്. “
ഈ വിധി അനുസരിച്ചു തന്നെ ലൈംഗികാതിക്രമം സംബന്ധിച്ചുള്ള കാര്യങ്ങൾ അവർ മറച്ചു വച്ചു എന്നത് തീർത്തും ന്യായീകരിക്കത്തക്കതുമാണ്. എന്നാൽ ഇത് മാതാപിതാക്കൾ ബലാൽസംഗത്തിന് പ്രേരിപ്പിച്ചു എന്ന രീതിയിൽ പരിഗണിക്കുക വഴി ഹൈക്കോടതി വിധിയെ തന്നെ പരിഹസിക്കുകയാണ് സിബിഐ കുറ്റപത്രം.
കേസ് ഇത്തരത്തിൽ അട്ടിമറിക്കുന്നതിന് സിബിഐക്കു മേൽ സമ്മർദ്ദം ചെലുത്തുന്ന ചില അഭിഭാഷകർ സിബിഐ സ്റ്റാൻഡിങ് കൗൺസിൽ ആയിട്ടിരിക്കുന്നതും കാരണമായി എന്ന് കരുതേണ്ടി വരും. സിബിഐയുടെ രണ്ടാം സംഘം അന്വേഷണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഈ വക്കീൽ മാതാപിതാക്കളെ പ്രതികളാക്കും എന്ന് ഭീഷണിപ്പെടുത്തിയതുമാണ്.
ഈ കേസിൽ മാതാപിതാക്കളെ പ്രതികളാക്കി പോരാട്ടം ദുര്ബലപ്പെടുത്താമെന്നു സിബിഐയും ഇതിലെ യഥാർത്ഥ പ്രതികളും അവരെ സംരക്ഷിക്കുന്നവരും ആശ്വസിക്കേണ്ടതില്ല. നീതിക്കു വേണ്ടിയുള്ള പോരാട്ടം നിയമപരമായും ജനകീയമായും തുടരുമെന്നും വാളയാർ നീതിസമര സമിതി അറിയിച്ചു.