SportsTop News

ഫുട്ബോളിലെ മൂന്നാം കണ്ണ്, വീഡിയോ അസിസ്റ്റന്റ് റഫറിയെ കാത്ത് ഇന്ത്യ

Spread the love

2023 മാര്‍ച്ച് 3, ബെംഗളൂരു ശ്രീ കണ്ഠിരവ സ്റ്റേഡിയത്തില്‍ ബെംഗളൂരു എഫ്‌സി – കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി നോക്ക് ഔട്ട് പോരാട്ടം. കളിയുടെ തൊണ്ണൂറ്റഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം വിബിന്‍ മോഹനന്‍ സുനില്‍ ഛെത്രിയെ ബോക്‌സിന് പുറത്തു വച്ച് വീഴ്ത്തിയതിന് ബെംഗളൂരുവിന് അനുകൂലമായി റഫറി ക്രിസ്റ്റല്‍ ജോണ്‍ ഫ്രീ കിക്ക് വിധിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഷീല്‍ഡ് തീര്‍ക്കുന്നതിനിടെ ഛെത്രി അപ്രതീക്ഷിതമായി പന്ത് ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിച്ചു. എന്നാല്‍ അത് ഫൗള്‍ കിക്ക് ആണെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്സ് ടീം പ്രതിഷേധിച്ച് കളം വിട്ടു. ഇത് ഒന്ന് മാത്രം അല്ലാ, പരാതികളും പ്രതിഷേധങ്ങളും ഏറെക്കണ്ടിട്ടുണ്ട്, ഐഎസ്എല്ലില്‍. VAR (വീഡിയോ അസിസ്റ്റന്റ് റഫറി) സംവിധാനം വഴി പരിഹരിക്കാവുന്ന പിഴവുകള്‍ മാത്രമാണ് ഇവ. എന്നാല്‍ വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും ചെയ്യാന്‍ ISL, AIFF അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഫിഫ അംഗീകൃത ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ മാത്രം നടപ്പാക്കി വരുന്ന ഈ VAR സംവിധാനം ഇന്ന് സെവന്‍സ് ടൂര്‍ണമെന്റുകളില്‍ വരെ എത്തി എന്നുള്ളതാണ് യാഥാര്‍ഥ്യം. തൃക്കരിപ്പൂര്‍ ടൗണ്‍ ഫ്.സി നടത്തുന്ന ഖാന്‍ സാഹിബ് കപ്പ് ടൂര്‍ണമെന്റിലാണ് VAR സംവിധാനം നടപ്പാക്കിയത്. റഫറി VAR സംവിധാനം ഉപയോഗിച്ച് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

ഐഎസ്എല്ലിലെ റഫറിയിങ്ങ് പിഴവുകള്‍ തികച്ചും മാനുഷിക പിഴവുകള്‍ ആണെന്നും, VAR കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ഐഎസ്എല്ലുമായി കരാറുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ടെവേലോപ്‌മെന്റ്‌റ് ലിമിറ്റഡ് (FSDL) മായി നടത്തി വരുകയാണെന്നും AIFF സെക്രട്ടറി അനില്‍ കുമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. VAR പ്രാബല്യത്തില്‍ വരുന്നതിനായി ഗ്രൗണ്ടുകളില്‍ പല ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും VAR പരിശോധന തലത്തില്‍ ഉള്ള പ്രത്യേക പരിശീലനം റഫറിമാര്‍ക്ക് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനെല്ലാം തടസം. VAR സംവിധാനം കൊണ്ടുവരുന്നതിനും അതിന്റെ നടത്തിപ്പിനും ഭീമമായ തുക ആവശ്യമാണ്. 18 മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഒരു കളിക്ക് വേണ്ടി മാത്രം ചെലവാക്കേണ്ടി വരുന്നത്. 24 റൗണ്ട് മത്സരങ്ങളും, രണ്ട് നോക്ക് ഔട്ട് മത്സരങ്ങളും, രണ്ട് പാദങ്ങളായി നടക്കുന്ന രണ്ട് സെമി – ഫൈനല്‍ മത്സരങ്ങളും, അവസാന ഫൈനല്‍ പോരാട്ടവും അടക്കം 31 ISL മത്സരങ്ങള്‍ക്കായി ചിലവാക്കേണ്ടി വരിക കോടികളാണ്. കൂടാതെ സ്റ്റേഡിയങ്ങളുടെ ആകൃതിക്കും പ്രത്യേകതയ്ക്കും അനുസരിച്ച് ആയിരിക്കണം VAR ഉം അതിനായുള്ള ക്യാമറകളും ക്രമീകരിക്കാന്‍. ഇതിനായെല്ലാം തുക കണ്ടെത്തുക എന്നതാണ് VAR ന്റെ വരവിനു തടസമായി അധികൃതര്‍ പറയുന്നത്.

എന്താണ് VAR അഥവാ വീഡിയോ അസിസ്റ്റന്റ് റഫറി ?

VAR എന്ന് വിളിക്കപ്പെടുന്ന വീഡിയോ അസിസ്റ്റന്റ് റഫറി കളിക്കിടയിലെ ആശയകുഴപ്പങ്ങള്‍ പരിഹരിച്ച് മാച്ച് റഫറി അന്തിമ തീരുമാനം എടുക്കുന്ന സാങ്കേതിക വിദ്യയാണ്. വേള്‍ഡ് കപ്പ് അടക്കമുള്ള എല്ലാ ഫിഫ അംഗീകൃത ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലും VAR സംവിധാനം എത്തി കഴിഞ്ഞു. VAR നെ ആശ്രയിക്കുന്ന നാല് സാഹചര്യങ്ങള്‍ ആണ് ഉള്ളത്. ഗോള്‍/ നോ ഗോള്‍, പെനാല്‍റ്റി/ നോ പെനാല്‍റ്റി, നേരിട്ടുള്ള റെഡ് കാര്‍ഡ്, കളിക്കാരനെ പുറത്താക്കുന്നത് സംബന്ധിച്ച ആശയകുഴപ്പം. മേല്‍പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും മാച്ച് റഫറി ഒരു പ്രാഥമിക തീരുമാനം എടുത്തതിന് ശേഷം മാത്രമേ VAR നെ ആശ്രയിക്കാവൂ. റഫറിക്ക് നേരിട്ട് മോണിറ്റര്‍ പരിശോധിച്ചോ, വീഡിയോ ഓപ്പറേഷന്‍ റൂമിലേക്ക് മൈക്രോഫോണ്‍ സംവിധാനം വഴി ബന്ധപ്പെട്ടോ തീരുമാനം എടുക്കാവുന്നതാണ്. ഇതിനായി 33 ക്യാമറകള്‍ മൈതാനത്ത് ക്രമീകരിച്ചിട്ടുണ്ടാവും. ഇതില്‍ എട്ടെണ്ണം സൂപ്പര്‍ സ്ലോമോഷന്‍ ക്യാമറകളും, നാലെണ്ണം അള്‍ട്രാ സ്ലോമോഷന്‍ ക്യാമറകളും ആണ്. ഓരോ ക്യാമറകളും നിരീക്ഷിക്കാന്‍ ഓരോ വീഡിയോ റൂമിലും നാല് റഫറിമാരെയും നിയോഗിച്ചിട്ടുണ്ടാവും.

VAR ന്റെ യാത്ര

ഫുട്‌ബോള്‍ നിയമങ്ങള്‍ ക്രോഡീകരിക്കുന്ന ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഇഫാബ്) 2016 ജൂണില്‍ നടത്തിയ യോഗത്തിലാണ് VAR ന് അംഗീകാരം നല്‍കിയത്. ഫ്രാന്‍സും ഇറ്റലിയും തമ്മിലുള്ള സൗഹൃദ മത്സരത്തിലൂടെ VAR രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചു. 2016 ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ ആണ് VAR ഉള്‍പ്പെടുത്തിയ ആദ്യ പ്രധാന മത്സരം. 2017 ഫിഫ അണ്ടര്‍ – 20 ലോകകപ്പിലും, കോണ്‍ഫെഡറേഷന്‍ കപ്പിലും VAR പൂര്‍ണമായി നടപ്പാക്കി.

എന്നാല്‍ VAR മത്സരത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നുവെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. ഗോള്‍ നേടിയ കളിക്കാരുടെ ആഹ്‌ളാദ പ്രകടനത്തിന് ശേഷം ആ ഗോള്‍ ഓഫ്സൈഡ് വിളിക്കുകയോ ഫൗള്‍ വിളിക്കുകയോ ചെയ്യുമ്പോള്‍ അത് കളിയുടെ ഭംഗിക്ക് തിരിച്ചടിയാവുന്നു. എന്നാല്‍, കൃത്യമായ തീരുമാനം എടുക്കുന്നതിനും, അര്‍ഹതപ്പെട്ട വിജയം എതിരാളി തട്ടിയെടുക്കുന്നത് തടയുന്നതിനും VAR സഹായിക്കുന്നു എന്നത് വേറെ കാര്യം.