MoviesTop News

കനി കുസൃതിയുടെ രണ്ട് ചിത്രങ്ങള്‍ ഓസ്കർ നോമിനേഷനിലേക്ക്, അപൂർവ്വ നേട്ടം

Spread the love

ഇന്ത്യൻ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തിക്കൊണ്ട് അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് കനി കുസൃതി. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ കാൻ ചലച്ചിത്രോത്സവത്തിൽ തരംഗമായ കനിയുടെ രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ 97 ാ മത് ഓസ്‌കർ അവാർഡിനായുള്ള പ്രാഥമിക റൗണ്ടിൽ എൻട്രി നേടിയിരിക്കുന്നത്. പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റും’, ശുചി തലതി ചിത്രം ‘ഗേൾസ് വിൽ ബി ഗേൾസുമാണ്’ ഓസ്കാർ പ്രാഥമിക പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഒരു മലയാളി താരത്തിന്റെ രണ്ട് ചിത്രങ്ങൾ ഒരേ സമയം ഓസ്‌കർ നോമിനേഷനിൽ എത്തുന്നത് മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും വലിയൊരു നേട്ടമാണ്. കനിയുടെ ഈ നേട്ടം മലയാള സിനിമയെ ലോകസിനിമയുടെ മുൻപിൽ ഉയർത്തിക്കാട്ടുന്നു. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’[പ്രഭയായി നിനച്ചതെല്ലാം] അന്തരാഷ്ട്ര തലങ്ങളിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളികളായ കനിയും ദിവ്യയും ആണ് ചിത്രത്തിൽ നഴ്സുമാരുടെ വേഷത്തിൽ എത്തിയത് .

കാൻ ചലച്ചിത്രോത്സവത്തിൽ പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കനി വേദിയിലെത്തിയതും ഏറെ ചർച്ചയായിരുന്നു. തരംഗങ്ങൾ സൃഷ്ടിച്ച ചിത്രം 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ്. 82-ാമത് ഗോൾഡൻ ഗ്ലോബിനുള്ള പുരസ്‌ക്കാര ചടങ്ങിൽ മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലേക്കും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡിലെ ജൂറി ഗ്രാൻഡ് പ്രൈസ്, ഗോതം അവാർഡിലെ മികച്ച ഇൻ്റർനാഷണൽ ഫീച്ചർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൻ്റെ മികച്ച അന്താരാഷ്ട്ര ചലച്ചിത്ര അവാർഡ് എന്നിവയും കനിയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ന് ലഭിച്ചിട്ടുണ്ട്.

ശുചി തലതി രചനയും സംവിധാനവും നിർവഹിച്ച 2024 ൽ റിലീസായ ഡ്രാമ ഫിലിമാണ് ‘ഗേൾസ് വിൽ ബി ഗേൾസ്. കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ സ്കൂൾ കാലഘട്ടവും ജീവിതവും ആസ്പദമാക്കിയാണ് ചിത്രം. കനി കുസൃതി , പ്രീതി പാനിഗ്രഹി , കേശവ് ബിനോയ് കിരോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണിത്. കനി കുസൃതി പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലെ (IFFLA) മികച്ച ഫീച്ചറിനുള്ള ഗ്രാൻഡ് ജൂറി സമ്മാനം നേടി.