KeralaTop News

മുഖ്യമന്ത്രി ഉറപ്പ് നൽകിയ നടപടി, ഇപ്പോള്‍ മനസിന് സമാധാനം’: ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ പ്രതികരിച്ച് ഹണി റോസ്

Spread the love

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്. തനിക്കെതിരെ നടത്തിയ അശ്ലീല പരമർശത്തിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. തന്‍റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണം എന്ന് തോന്നിയതായും ഹണി റോസ് പ്രതികരിച്ചു.

മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്. അത്രയും വലിയ ടോര്‍ച്ചര്‍ വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുകയായിരുന്നു, അതില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കാം ബോബി ചെമ്മണ്ണൂര്‍ എന്ന വ്യക്തി ഞാന്‍ നിന്ന ഒരു വേദിയില്‍ വച്ച് മോശമായ പല പരാമര്‍ശങ്ങളും നടത്തിയത്. അത് കഴിഞ്ഞ് നിര്‍ത്താന്‍ പറഞ്ഞിട്ടും ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ തുടങ്ങി. ഇത് എന്നെ ഒരാള്‍ വെല്ലുവിളിക്കുന്ന അവസ്ഥയിലായിപ്പോയി.

ഇവിടെ ഒരു നിയമമുണ്ട്. എന്നാല്‍ ഇയാള്‍ തുടര്‍ച്ചയായി പിന്നാലെ കൂടി ക്രിമിനല്‍ പ്രവര്‍ത്തി ചെയ്യുകയായിരുന്നു. ഒടുവില്‍ ഇത് നിര്‍ത്തണം എന്ന ആഗ്രഹത്തോടെയാണ് ഞാനും കുടുംബവും തീരുമാനം എടുത്ത് ഇതിനെതിരെ നീങ്ങിയത്. എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനത്തിലാണ് കേസ് കൊടുത്തത്.

ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം വ്യക്തമായി ഉറപ്പ് നല്‍കിയിരുന്നു. കേസില്‍ വ്യക്തമായ നടപടി എടുക്കും എന്നാണ്. നേരത്തെ തന്നെ ഇതിനെതിരെ രംഗത്ത് എത്തേണ്ടതായിരുന്നു എന്ന് തോന്നുന്നുണ്ട്. ഇതില്‍ നടപടി എടുത്തില്ലെങ്കില്‍ ഈ കുറ്റകൃത്യം ഞാന്‍ അസ്വദിക്കുന്നു എന്ന സന്ദേശം പുറത്ത് വന്നേക്കാം. അതിനാല്‍കൂടിയാണ് നടപടി ഇപ്പോള്‍ എടുത്തത്. ഒരു പ്രശ്നത്തിലേക്ക് പോകാതെ ഒതുങ്ങിപ്പോകുന്ന പ്രകൃതമായിരുന്നു എന്റേത്. പക്ഷേ നേരത്തേതന്നെ പ്രതികരിക്കാത്തതിൽ ഇപ്പോൾ വലിയ വിഷമം തോന്നുന്നുണ്ട് – ഹണി റോസ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത വാര്‍ത്തയില്‍ പ്രതികരിച്ചു.

അതേ സമയം ഹണിറോസ് തുടങ്ങിവച്ച ധീരമായ പോരാട്ടത്തിന് പിന്തുണയെന്ന് സിനിമ സാങ്കേത ഫെഫ്ക അറിയിച്ചു. ഹണിറോസിന്‍റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗിക ആക്രമണത്തിനെതിരായ കൂട്ടായ പ്രതിരോധത്തിന്‍റെ ഭാഗമായി കാണുന്നതായും ഫെഫ്ക പറഞ്ഞു.