BusinessTop News

എച്ച്എംപി വൈറസ് റിപ്പോര്‍ട്ട് ചെയ്തത് വിപണിയെ പിടിച്ചുകുലുക്കി; നിക്ഷേപകരുടെ നഷ്ടം 11 ലക്ഷം കോടി

Spread the love

ചൈനയില്‍ അതിവേഗം എച്ച്എംപി വൈറസ് പടരുന്നതിനിടെ ഇന്ത്യയിലും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സിലും നിഫ്റ്റിയിലും വന്‍ ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകര്‍ക്ക് ആകെ 11 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍സെക്സ് 1258 പോയിന്റ് താഴ്ന്ന് 77,964ലും നിഫ്റ്റി 388.70 പോയിന്റ് താഴ്ന്ന് 23,616ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. സെന്‍സെക്‌സ് 1258 പോയിന്റ് ഏകദേശം 1.59 ശതമാനവും നിഫ്റ്റി 388 പോയിന്റെ 1.62 ശതമാനവുമാണ് ഇടിഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.

ടാറ്റ സ്റ്റീല്‍ ലിമിറ്റഡ്, എന്‍ടിപിസി, കൊട്ടക് ബാങ്ക്, പവര്‍ഗ്രിഡ്, സൊമാറ്റോ, അദാനി പോര്‍ട്ട്സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി തുടങ്ങിയ ഓഹരികള്‍ സെന്‍സെക്സില്‍ 4.41 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ടൈറ്റന്‍, എച്ച്സിഎല്‍ ടെക്നോളജീസ്, സണ്‍ ഫാര്‍മ എന്നിവ മാത്രമാണ് 0.60 ശതമാനം വരെ നേട്ടമുണ്ടാക്കിയത്.

ഇന്ന് 176 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലും 113 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലും എത്തി. വ്യാപാരം നടന്ന 4244 ഓഹരികളില്‍ 656 ഓഹരികള്‍ പച്ചയിലും 3474 ഓഹരികള്‍ ചുവപ്പിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1143 പോയിന്റ് താഴ്ന്ന് 45,793 ല്‍ ക്ലോസ് ചെയ്തപ്പോള്‍ ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചിക 1778 പോയിന്റ് നഷ്ടത്തില്‍ 54,337 ലെത്തി. എച്ച്എംപി വൈറസ് സ്ഥിരീകരിച്ചത് തന്നെയാണ് ഇന്ന് വിപണികളെയാകെ ബാധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.