NationalTop News

പുഷ്പ ടു പ്രദര്‍ശനത്തിനിടെ സ്ത്രീ മരിച്ച സംഭവം: അല്ലു അര്‍ജുന് സ്ഥിരം ജാമ്യം

Spread the love

പുഷ്പ ടു പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട സ്ത്രീ മരിച്ച കേസില്‍ നടന്‍ അല്ലു അര്‍ജുന് ജാമ്യം നല്‍കി നാംബള്ളി മജിസ്ട്രേറ്റ് കോടതി. അമ്പതിനായിരം രൂപയും രണ്ടാള്‍ ജാമ്യവും എന്നീ വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെ നാമ്പള്ളി കോടതി താരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. അന്ന് വൈകിട്ട് തന്നെ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യവും നല്‍കിയിരുന്നു.

സാങ്കേതികമായി റിമാന്‍ഡ് കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് താരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചത്. അല്ലു അര്‍ജുന്‍ എല്ലാ ഞായറാഴ്ചയും ഒരു മണിക്ക് ഉള്ളില്‍ ചിക്കട്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

ഡിസംബര്‍ നാലിനായിരുന്നു ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററില്‍ സംഭവം നടക്കുന്നത്. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശി രേവതി ആണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പം പ്രീമിയര്‍ ഷോ കാണാന്‍ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് തീയേറ്ററില്‍ ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു.
ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തെ തുടര്‍ന്ന് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് അല്ലുവിന് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു.