Tuesday, January 7, 2025
KeralaTop News

ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; ഡ്രൈ ഡേയിൽ കണ്ടെത്തിയത് വൻ തയ്യാറെടുപ്പ്, പിടിച്ചത് ചാരായവും കോടയും, 53കാരൻ റിമാൻഡിൽ

Spread the love

തിരുവനന്തപുരം: ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ചാരായവും കോടയും പിടികൂടിയ സംഭവത്തിൽ ഒരാൾ റിമാൻഡിൽ. ഡ്രൈ ഡേയോട് അനുബന്ധിച്ച് വാമനപുരം റേഞ്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് 1.75 ലിറ്റർ ചാരായവും 152 ലിറ്റർ കോടയും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വാമനപുരം കളമച്ചൽ കുന്നിൽ ഹൗസിൽ പ്രസന്നകുമാറാണ് (53) അറസ്റ്റിലായത്. ഇയാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എക്സൈസ് ഇൻസ്പെക്ടർ എം. അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി, പ്രിവന്റീവ് ഓഫീസർ സ്നേഹേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ അൻസർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. കെ ആദർശ്, ഹിമലത എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രദേശത്ത് നിരീക്ഷണം തുടരുകയാണെന്ന് റേഞ്ച് അധികൃതർ അറിയിച്ചു. കൂടാതെ സമൂഹ മാധ്യമങ്ങൾ വഴി ഓര്‍ഡര്‍ ചെയ്യുന്ന നിരോധിത ലഹരി വസ്‌തുക്കള്‍ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അതിർത്തി ജില്ലകളിൽ കേരള എക്സൈസ് മൊബൈൽ ഇന്‍റര്‍വെൻഷൻ യൂണിറ്റിന്‍റെ പ്രവർത്തനവും 24 മണിക്കൂറാക്കിയിട്ടുണ്ട്.