Tuesday, January 7, 2025
KeralaTop News

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; നാല് പ്രതികൾക്ക് 5 വർഷം തടവ്

Spread the love

പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിച്ച് സിബിഐ കോടതി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു. ഒന്നു മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവ് വിധിച്ചു. 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും CPIM ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ എ പീതാംബരനും ഉദുമ മുൻ MLA കെ വി കുഞ്ഞിരാമനും ഉൾപ്പെടെയുള്ളവരാണ് കുറ്റക്കാർ.

പീതാംബരൻ, സജി ജോർജ്, സുരേഷ്, അനിൽ കുമാർ, ജിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, രഞ്ജിത് ടി, സുരേന്ദ്രൻ എന്നീ പ്രതികൾക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. എ എം മണികണ്ഠൻ , കെ വി കുഞ്ഞിരാമൻ, രാഘവൻ, ഭാസ്കരൻ എന്നിവർക്കാണ് അഞ്ച് വർഷം തടവ് ശി​ക്ഷ. 2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെടുന്നത്. ആറു വർഷമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി വിധി പറഞ്ഞത്.

ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചിരുന്നു. കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച കുറ്റമാണ് കെ വി കുഞ്ഞിരാമൻ ഉൾപ്പെടുന്ന 14, 20, 21, 22 പ്രതികൾക്കെതിരെ തെളിഞ്ഞത്. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.

പ്രദീപ് (കുട്ടൻ), ബി. മണികണ്ഠൻ (ആലക്കോട് മണി), എൻ. ബാലകൃഷ്ണൻ (മുൻ പെരിയ ലോക്കൽ സെക്രട്ടറി), എ. മധു (ശാസ്ത മധു-അഞ്ചാംപ്രതി ജിജിന്റെ പിതാവ്), റെജി വർഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്(രാജു) വി. ഗോപകുമാർ (ഗോപൻ വെളുത്തോളി), പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി) എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു.