Saturday, January 4, 2025
Latest:
KeralaTop News

മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

Spread the love

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു. ബസിന്റെ ഔപചാരിക ഉദ്‌ഘാടനം നാളെ (31) വൈകീട്ട് 5 ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് നിർവ്വഹിക്കും.യാത്രക്കാർക്ക് കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്.

തിരുവനന്തപുരത്ത് നഗരക്കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം എത്തുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ട്രയൽ റൺ മൂന്നാറിൽ നടന്നിരുന്നു.

ഗ്യാപ്പ് റോഡിലൂടെ ഡബിൾ ഡക്കർ ബസുകൾ എത്തുമ്പോൾ ആവർത്തിച്ചുണ്ടാകുന്ന ഗതാഗത നിയമ ലംഘനങ്ങൾ തടയാൻ സാധിക്കും. കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഇരുവശവുമുള്ള സൗന്ദര്യം ആസ്വദിക്കാനാണ് മിക്ക വിനോദ സഞ്ചാരികളുടെയും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്നത്. കയ്യും, തലയും പുറത്തിട്ട് അപകടകരമായി യാത്ര ചെയ്യുന്നവർക്ക് ഡബിൾ ഡക്കർ ബസ് ഉണ്ടെങ്കിൽ നിയമലംഘനം നടത്തുന്നത് ഒഴിവാക്കാം.