Saturday, January 4, 2025
Latest:
Top NewsWorld

കള്ളപാസ്‌പോര്‍ട്ടില്‍ നാടുവിടാനൊരുങ്ങി; അല്‍ അസദിന്റെ സഹോദരന്റെ ഭാര്യയും മകളും ലെബനനില്‍ അറസ്റ്റില്‍

Spread the love

വിമതസംഘം ഭരണം പിടിച്ചടക്കിയതിനെ തുടര്‍ന്ന് നാടുവിട്ട സിറിയന്‍ മുന്‍ ഭരണാധികാരി ബഷര്‍ അല്‍ അസദിന്റെ ബന്ധുക്കള്‍ ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ നിന്ന് പിടിയില്‍. കള്ള പാസ്‌പോര്‍ട്ടുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അസദിന്റെ രണ്ട് ബന്ധുക്കള്‍ അറസ്റ്റിലായത്. അതേസമയം യുദ്ധക്കുറ്റങ്ങള്‍ക്ക് ഉള്‍പ്പെടെ ആരോപണവിധേയനായ അസദിന്റെ അമ്മാവന്‍ ദുബായിലേക്ക് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അസദിന്റെ സഹോദരനായ ദുരൈഡ് അസദിന്റെ ഭാര്യയും മകളുമാണ് അറസ്റ്റിലായിരിക്കുന്നത്. ദുറൈദ് അസദിന്റെ ഭാര്യ റാഷ ഖാസെമും മകള്‍ ഷംസിനയും ലെബനനിലേക്ക് കടത്തുകയും അവിടെനിന്ന് ഈജിപ്തിലേക്ക് പറക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി ദ ന്യൂ അറബ് റിപ്പോര്‍ട്ട് ചെയ്തു. എംബസിയില്‍ വ്യാജമായി നിര്‍മ്മിച്ച പാസ്പോര്‍ട്ടുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അസദിന്റെ അമ്മാവനും ദുറൈദിന്റെ പിതാവുമായ റിഫാത്ത് അസദ് തന്റെ യഥാര്‍ത്ഥ പാസ്പോര്‍ട്ട് ഉപയോഗിച്ച് തന്നെയാകും ഈ അടുത്ത ദിവസങ്ങളില്‍ ദുബായിലേക്ക് പറന്നതെന്നാണ് വിവരം. അസദിന്റെ പിതാവ് മുന്‍ പ്രസിഡന്റ് ഹഫീസ് അല്‍ അസദിന്റെ സഹോദരനാണ് റിഫാത്ത്. 1982ല്‍ ഹമയില്‍ നടന്ന കലാപത്തില്‍ 40,000 പേരോളം കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനാണ് റിഫാത്ത്. സ്വിറ്റ്സര്‍ലന്‍ഡില്‍ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും റിഫാത്തിനെതിരെ ചുമത്തിയിട്ടുണ്ട്.