Saturday, January 4, 2025
Latest:
NationalTop News

മൻമോഹൻ സിങ്ങിന് മാത്രം സ്മാരകം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല; രാഷ്ട്രപതിക്ക് കത്തയച്ച് നവ്ജോത് സിംഗ് സിദ്ദു

Spread the love

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന് സ്മാരകം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് നവ്ജോത് സിംഗ് സിദ്ദു. മൻമോഹൻസിങ്ങിന് മാത്രം സ്മാരകം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും തരംതാഴ്ന്ന രാഷ്ട്രീയ കളികൾ അവസാനിപ്പിക്കണമെന്നും കത്തിൽ പറയുന്നു.

ശനിയാഴ്ച ഡല്‍ഹിയിലെ നിഗംബോധ് ഘട്ടില്‍ എല്ലാ ബഹുമതികളോടും കൂടിയായിരുന്നു മൻമോഹൻ സിങ്ങിന്റെ സംസ്‌കാരം നടന്നിരുന്നത്. യമുനയുടെ തീരത്താണ് രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി അന്ത്യവിശ്രമം കൊള്ളുന്നത്. മന്‍മോഹന്‍ സിങിന്റെ സ്മാരകത്തിനും അദ്ദേഹത്തിന്റെ ശവകുടീരത്തിനും സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കമാണ് നിലവില്‍ ഉടലെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ കേന്ദ്രസര്‍ക്കാര്‍ മികച്ച മോല്‍നോട്ടം നടത്തിയില്ലെന്ന് എഐസിസി ആരോപിച്ചു. മാത്രമല്ല മൃതദേഹത്തോട് കേന്ദ്രസർക്കാർ അനാദരവ് കാട്ടിയെന്നും,സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടു നേരിട്ടെന്നും കോൺഗ്രസ് വിമർശിച്ചു.

സംസ്കാര ചടങ്ങിന്റെ പ്രക്ഷേപണം ദൂരദർശനിൽ മാത്രം ഒതുക്കി. പൊതുജനങ്ങൾക്ക് അവസരം നിഷേധിച്ചു.ഭൗതിക ശരീരത്തിന് അരികെ കുടുംബാംഗങ്ങൾക്ക് മൂന്ന് കസേരകൾ മാത്രമാണ് നൽകിയത്.മൃതദേഹത്തിന് മുകളിൽ പുതപ്പിച്ച ദേശീയ പതാക ഭാര്യക്ക് കൈമാറുമ്പോൾ പ്രധാനമന്ത്രി എഴുന്നേറ്റില്ല. അമിത്ഷായുടെ വാഹനവ്യൂഹം വിലാപയാത്രയെ തടസ്സപ്പെടുത്തി ഇങ്ങനെ നീളുന്നു കോൺഗ്രസിന്റെ വിമർശനം.

അതേസമയം, കോൺഗ്രസിൻ്റേത് രാഷ്ട്രീയ വിവാദമാണെന്ന് മറുപടി നൽകിയ ബിജെപി, ചടങ്ങിൽ ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പൊലീസ് ആണെന്ന് വ്യക്തമാക്കി. പൂർണ്ണ സൈനിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ,മൻമോഹൻസിങ്ങുമായി അടുപ്പമുള്ളവരാരെയും തടഞ്ഞില്ലെന്നും ബിജെപി മറുപടി നൽകിയിരുന്നു.