Saturday, January 4, 2025
Latest:
KeralaTop News

സീരിയൽ താരം ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Spread the love

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ സീരിയൽ താരം മരിച്ച നിലയിൽ. ദിലീപ് ശങ്കറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ഹോട്ടൽ മുറിയിൽ പരിശോധന നടത്തുന്നു. ഫ്ലവേഴ്സ് ടിവിയിൽ പഞ്ചാഗ്നി സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിലീപ് ശങ്കർ ആണ്.

തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നുവെന്നാണ് വിവരം. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കൻ്റോൺമെൻ്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്‌മോർട്ടം പരിശോധനയിലേ വ്യക്തമാകൂ.