Wednesday, January 1, 2025
Latest:
NationalTop News

‘മോക്ഷം ’ കിട്ടാൻ വിഷം കഴിച്ചു; തിരുവണ്ണാമലയിൽ നാലു പേർ മരിച്ചു

Spread the love

തമിഴ്നാട് തിരുവണ്ണാമലയിൽ മോക്ഷം പ്രാപിക്കാൻ വിഷം കഴിച്ച നാലു പേർ മരിച്ചു. വാടകയ്‌ക്കെടുത്ത സ്വകാര്യ ഫാം ഹൗസിലാണ് ഇവർ ആത്മഹത്യ ചെയ്തത്. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിനിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ 3 പേർ ഒരു കുടുംബത്തിലുള്ളവരാണ്. രുക്മിനി വിവാഹമോചിതയാണ്.

ആത്മീയകാര്യങ്ങളിൽ രുക്മിനി ഏറെ താൽപ്പര്യം കാണിച്ചിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ വീണ്ടും തിരുവണ്ണമലയിൽ എത്തിയെന്നും ലക്ഷ്മി ദേവിയുടെ കാൽചുവട്ടിലേക്ക് പോകുന്നുവെന്നുമാണ് മരിക്കുന്നതിന് മുൻപ് ഇവർ പകർത്തിയ വീഡിയോ സന്ദേശത്തിൽ പറയുന്നത്. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ പങ്കെടുത്തിരുന്നു. അതിന് ശേഷം വീണ്ടും ഇവർ ഇവിടേക്ക് എത്തുകയായിരുന്നു. രാവിലെയായിട്ടും ഇവരെ റൂമിന് പുറത്തേക്ക് കാണാതിരുന്നതോടെ ഫാം ഹൗസിലെ ആളുകൾ നടത്തിയ അന്വേഷണത്തിലാണ് ഇവർ റൂമിനുള്ളിൽ മരിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇവർ മുറി എടുത്തത്.