KeralaTop News

അർബൻ ബാങ്കിലെ നിയമനത്തിനായി വാങ്ങിയ 10 ലക്ഷം രൂപ ഐ സി ബാലകൃഷ്ണനെ ഏൽപ്പിച്ചു’; വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ KPCC നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്

Spread the love

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെയും മകന്‍റെയും ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടെന്ന സൂചനയ്ക്ക് പിന്നാലെ വിജയൻ KPCC നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്. പണം നൽകിയതിന്റെ കണക്ക് സൂചിപ്പിച്ചാണ് കത്ത്. 2021 ൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് വിജയൻ കത്തയച്ചിരിക്കുന്നത്. നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയ പത്ത് ലക്ഷം രൂപ ഐ.സി ബാലകൃഷ്ണൻ എംഎൽഎയെ ഏൽപ്പിച്ചു. പണമിടപാട് നടന്നതിന്റെ ഉടമ്പടി രേഖയും പുറത്തുവന്നു. കോൺഗ്രസ് നേതാക്കൾ വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും കത്തിലുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലോ, പൂതാടി, മടക്കിമല എന്നിവിടങ്ങളിലെ സര്‍വീസ് ബാങ്കിലോ ആദ്യം വരുന്ന ഒഴിവില്‍ ഒന്നാം കക്ഷിയുടെ മകനെ നിയമിക്കാമെന്ന ഐസി ബാലകൃഷ്ണൻ എംഎൽഎ ഉറപ്പുനൽകിയിരുന്നു എന്നാണ് ഉടമ്പടിയില്‍ പറയുന്നത്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം 30 ലക്ഷം രൂപ ഒന്നാം കക്ഷിയില്‍ നിന്ന് എന്‍ എം വിജയന്‍ കൈപ്പറ്റിയതായാണ് ഉടമ്പടിയില്‍ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ നിയമനം ഒന്നാം കക്ഷിയുടെ മകന് ലഭിക്കുന്നില്ലെങ്കില്‍ രണ്ടാംകക്ഷിയായ എന്‍ എം വിജയന്‍ വഴി ഐസി ബാലകൃഷ്ണന്‍ ഒന്നാം കക്ഷിക്ക് പണം മടക്കി നല്‍കണം. ഇതിന് ഏഴ് ശതമാനം പലിശ ഈടാക്കണമെന്നും ഉടമ്പടിയില്‍ വ്യക്തമാക്കിയിരുന്നു. ഇടപാട് എംഎല്‍എയ്ക്ക് വേണ്ടി നടക്കുന്നതിനാല്‍ സാക്ഷിവേണ്ടെന്നും ഉടമ്പടിയില്‍ സൂചിപ്പിക്കുന്നു.

പണമിടപാട് നടന്നതിന്റെ ഉടമ്പടി രേഖ

അതേസമയം, വിജയൻറെയും മകന്റെയും മരണത്തിൽ അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടത്താൻ കെപിസിസിയോട് ആവശ്യപ്പെടും.
അർബൻ ബാങ്ക് നിയമന തട്ടിപ്പുമായി ഉയർന്ന ആരോപണം നേരത്തെ തന്നെ വന്നിരുന്നതാണ്.എന്നാൽ അത്
കെപിസിസി അന്വേഷിച്ച് അടിസ്ഥാന രഹിതമെന്ന് കണ്ടെത്തിയിരുന്നു. സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നു എന്നത് പാർട്ടിക്ക് അറിയില്ലെന്നും എൻഡി അപ്പച്ചൻ വ്യക്തമാക്കി.
ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. എൻഎം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് സിപിഐഎമ്മിന്റെ ആവശ്യം.