KeralaTop News

‘എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ ലഭിക്കണം’; പൊട്ടിക്കരഞ്ഞ് ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍

Spread the love

പെരിയ ഇരട്ടക്കൊലക്കേസിലെ വിധി കേട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍ പൊട്ടിക്കരഞ്ഞു. എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ ലഭിക്കമെന്നാണ് ഇരുവരുടേയും അമ്മമാരുടെ വൈകാരിക പ്രതികരണം. വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും, നിയമപോരാട്ടം തുടരുമെന്നും കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ സഹോദരി അമൃത പറഞ്ഞു.

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്നുണ്ടായിരുന്നു. വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ല. കുറ്റക്കാരെയെല്ലാം ശിക്ഷിച്ചേ പറ്റൂ. ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നു. കടുത്തശിക്ഷ കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു – ശരത് ലാലിന്റെ അമ്മ പറഞ്ഞു.

വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി 10 പേരെ കോടതി വെറുതെ വിട്ടു. എങ്കിലും വിധിയില്‍ ആശ്വാസമുണ്ട്. സര്‍ക്കാര്‍ കുറേ കളി കളിച്ചു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ വേണം – കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു.

14 പേര്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെങ്കിലും കുടുംബം പൂര്‍ണ തൃപ്തരല്ലെന്ന് ശരത്ത് ലാലിന്റെ സഹോദരി അമൃത വ്യക്തമാക്കി. കേസില്‍ അപ്പീല്‍ പോകുമെന്നും അമൃത പറഞ്ഞു. സര്‍ക്കാര്‍ പ്രതികളുടെ കൂടെയാണ് നിന്നത്. ഞങ്ങളുടെ കൂടെയല്ലേ നില്‍ക്കേണ്ടത് – അമൃത ചോദിക്കുന്നു.

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത്ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിപിഐഎം പെരിയ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഒന്നാം പ്രതി എ. പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.