Top NewsWorld

ഗസയിലെ അതിശൈത്യത്തിൽ മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

Spread the love

കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ഗസയിലെ അതിശൈത്യത്തെ തുടര്‍ന്ന് മൂന്ന് നവജാത ശിശുക്കൾ മരിച്ചു. അൽ-മവാസി അഭയാർത്ഥി ക്യാമ്പിലെ കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. മരിച്ച കുട്ടികളില്‍ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. മറ്റു രണ്ട് കുട്ടികള്‍ക്ക് ഒരുമാസമാണ് പ്രായം.

അന്തരീക്ഷ താപനില കുറഞ്ഞതും ക്യാമ്പുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് മരണകാരണമെന്നാണ് അധികൃതരുടെ വിശദീകരണം. രാത്രിയിൽ മൂന്ന് തവണ കരഞ്ഞുകൊണ്ട് കുഞ്ഞ് ഉണർന്നു.ശരീരം “മരം പോലെ” കട്ടിയായിട്ടായിരുന്നു കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ നാസർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മരിച്ച കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ പറയുന്നു.

ഗസയിലെ ഇസ്രായേൽ ഉപരോധം തുടരുന്നതിനാൽ അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടപ്പെട്ടതും മോശമായ ആരോഗ്യനിലയും ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും അഭാവവും അതിശൈത്യത്തെ ചെറുക്കുന്നതില്‍ പലസ്തീനികളെ പ്രതിസന്ധിയിലാക്കുകയാണ്. അൽ-മവാസി സുരക്ഷിത മേഖലയായിരുന്നെങ്കിലും ഇസ്രായേൽ ആക്രമണത്തിൻ്റെ അവസാന 14 മാസങ്ങളിൽ ഇവിടെയും ആക്രമങ്ങൾ നടന്നിരുന്നു.

തങ്ങൾ മണ്ണിലാണ് കിടന്നുറങ്ങുന്നത്, തണുപ്പിനെ പ്രതിരോധിക്കുന്നതിനായി ഒരു പുതപ്പ് പോലും കൈവശം ഇല്ല, കൊടും തണുപ്പിലാണ് പലരും ദിവസം തള്ളി നീക്കുന്നത്. ദൈവത്തിനു മാത്രമേ നമ്മുടെ അവസ്ഥകൾ അറിയൂ. ഞങ്ങളുടെ സാഹചര്യം വളരെ മോശമാണ് അഭയാർത്ഥി ക്യാമ്പിലെ ഒരാൾ അൽ ജസീറയോട് പറഞ്ഞു.

അതേസമയം അതിശൈത്യത്തിലും ഗസയ്ക്ക് നേരെയുള്ള ആക്രമണം ഇസ്രായേൽ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വടക്കന്‍ ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ അഞ്ച് ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലും ഗസയിലെ അധിനിവേശത്തിലും 45,000 പലസ്തീനികളാണ് മരണപ്പെട്ടത്, അവരിൽ പകുതിയിലധികം സ്ത്രീകളും കുട്ടികളുമാണ്.