അണ്ണാ സർവ്വകലാശാലയിലെ ബലാത്സംഗം; തമിഴ്നാട് സർക്കാരിൽ നിന്ന് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി
ചെന്നൈ അണ്ണാ സർവ്വകലാശാലയിലെ ബലാത്സംഗ കേസിൽ തമിഴ്നാട് സർക്കാരിൽ നിന്ന് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉച്ചയ്ക്ക് ഇതുമായി ബന്ധപ്പെട്ട മറുപടി കോടതിക്ക് നൽകണം.
ഇക്കഴിഞ്ഞ ഡിസംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. കാമ്പസിൽ പുരുഷ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശിനിയെയാണ് പ്രതി ജ്ഞാനശേഖരൻ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്. പെൺകുട്ടി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽക്കുമ്പോഴാണ് സംഭവം. പ്രതി ഇരുവരുടെയും അടുത്തെത്തുകയും പ്രകോപനമല്ലാതെ ഇരുവരെയും മർദ്ദിക്കയും ചെയ്തു. ഇതോടെ പെൺകുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടാരുന്ന സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
പുരുഷ സുഹൃത്ത് പേടിച്ച് ഓടിപ്പോയതിനു പിന്നാലെയാണ് പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. സർവ്വകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡിലേക്ക് പെൺകുട്ടിയെ എത്തിച്ചായിരുന്നു പീഡനം. തന്നോടൊപ്പവും, അതിക്രമത്തിന് തൊട്ടുമുൻപ് തന്നെ ഫോണിൽ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഫോൺ ചെയ്ത വ്യക്തിയെ പ്രതി സാർ എന്ന് വിളിച്ചെന്നും പെൺകുട്ടിയെ ഉടൻ വിട്ടയാക്കാമെന്ന് ഉറപ്പുനൽകിയെന്നും പൊലീസിന് ലഭിച്ച പരാതിയിൽ ഉണ്ട്. അതിനു ശേഷം മുക്കാൽ മണിക്കൂറോളം ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.
പെൺകുട്ടിയുടെ, ഫോണിൽ നിന്ന് അച്ഛന്‍റെ മൊബൈൽ നമ്പർ എടുത്ത ഇയാൾ ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്നും വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി. ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരാണെമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണു ഇയാൾ പെൺകുട്ടിയെ വിട്ടയച്ചതെന്ന് പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കി.
അതേസമയം, കനത്ത പൊലീസ് സുരക്ഷാ നിലനിൽക്കെയാണ് കാമ്പസിനകത്ത് പീഡനം നടന്നിരിക്കുന്നത്. ശക്തമായ നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചെങ്കിലും സംഭവത്തിൽ തമിഴ്നാട് സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അണ്ണാ സർവ്വകലാശാല തമിഴ്‌നാടിൻ്റെ സ്റ്റാറ്റസ് സിംബലുകളിൽ ഒന്നാണ്. കാമ്പസിൽ ഇത്തരമൊരു ക്രൂരമായ സംഭവം നടന്നത് ലജ്ജാകരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെ വിമർശനം.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കമുള്ള നേതാക്കൾക്കൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങൾ സഹിതം പുറത്തുവിട്ടുകൊണ്ടായിരുന്നു തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തുവന്നത്. സൈദപെട്ടിലെ ഡിഎംകെ വിദ്യാർത്ഥി വിഭാഗം ഭാരവാഹി ആണ് പ്രതിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥിനി പീഡനത്തിന് ഇരയായ സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച ശേഷം അണ്ണാമലൈ തന്റെ ഷൂ ഊരി ഇനി ഡിഎംകെ സർക്കാരിനെ താഴെയിറക്കാതെ ചെരുപ്പ് ധരിക്കില്ലെന്ന പ്രഖ്യാപനം നടത്തുകയുമുണ്ടായി. ഇതിന്റെ ഭാഗമായി അണ്ണാമലൈ കോയമ്പത്തൂരിലെ തന്റെ വീടിന് മുന്നിൽ ശരീരത്തിൽ 6 തവണ ചാട്ടവാർ കൊണ്ടടിച്ച് 48 ദിവസത്തെ വ്രതം തുടങ്ങി. അണ്ണാ സർവ്വകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യം.