‘DMK ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ല’; വേദിയിൽ ചെരുപ്പ് ഊരിക്കളഞ്ഞ് കെ അണ്ണാമലൈ
ഡിഎംകെ സർക്കാരിനെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ ചെരുപ്പ് ധരിക്കുകയുള്ളൂവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. വേദിയിൽവെച്ച് ധരിച്ചിരുന്ന ഷൂസ് അഴിച്ചുമാറ്റിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാൽപ്പത്തിയെട്ട് മണിക്കൂർ വൃതമെടുക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.
അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തൻ്റെ വീടിന് മുന്നിൽ ആറ് തവണ ചാട്ടവാറടി നടത്തുമെന്ന് അണ്ണാമലൈ കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കൾക്കുമൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പത്രസമ്മേളനത്തിൽ പുറത്തുവിട്ടു. കേസിലെ ഇരയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചു.
“എഫ്ഐആർ എങ്ങനെയാണ് ചോർന്നത്? എഫ്ഐആർ ചോർത്തിയാണ് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയത്. ഇത്തരമൊരു എഫ്ഐആർ എഴുതി ചോർത്തിയതിന് പൊലീസും ഡിഎംകെയും ലജ്ജിക്കണം,” “നിർഭയ ഫണ്ട് എവിടെപ്പോയി? എന്തുകൊണ്ടാണ് അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ സിസിടിവി ക്യാമറ ഇല്ലാത്തത്? അണ്ണാമലൈ ചോദിച്ചു.
മൂന്ന് മാസമായി സംസ്ഥാനം സമാധാനപരമായിരുന്നുവെന്നും എന്നാൽ ലണ്ടനിൽ നിന്ന് അണ്ണാമലൈ തിരിച്ചെത്തിയതിന് ശേഷം അസ്വസ്ഥമായെന്നും പറഞ്ഞ നിയമമന്ത്രി റെഗുപതിയെയും അണ്ണാമലൈ വിമർശിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയം തനിക്ക് മടുത്തുവെന്നും തമിഴ്നാട്ടിലെ വൃത്തികെട്ട രാഷ്ട്രീയം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
ദുഷ്ടശക്തിയെ (ഡിഎംകെ) നീക്കം ചെയ്യുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഇതിനായി മധ്യവർഗം പുറത്തു വന്ന് സർക്കാരിനെ ചോദ്യം ചെയ്യണം. അണ്ണാ യൂണിവേഴ്‌സിറ്റി വിഷയത്തിൽ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെ പിരിച്ചുവിടണമെന്നും അണ്ണാമലൈ വ്യക്തമാക്കി.