സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന് കണ്ണീരോടെ വിട നല്‍കി നാട്; മൃതദേഹം സംസ്കരിച്ചു
ഇന്നലെയാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബു (56) ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. സാബുവിന്‍റെ ആത്മഹത്യയില്‍ ജനരോഷം ഇരമ്പുകയാണ്. റൂറൽ ഡെവലപ്മെന്‍റ് സഹകരണ സൊസൈറ്റി ഭരണസമിതിയും ജീവനക്കാര്‍ക്കും പിന്നാലെ സിപിഎമ്മിനേയും പ്രതികൂട്ടിലാക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. നിക്ഷേപക തുക ചോദിച്ചുച്ചെന്ന സാബുവിനെ മുൻ ഏരിയാ സെക്രട്ടറിയും സൊസൈറ്റി മുന്‍ പ്രസിഡന്‍റുമായ വി ആർ സജി ഭീഷണിപ്പെടുത്തുന്നതാണ് ഫോൺ സന്ദേശത്തിലുള്ളത്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസ്സിലാക്കി തരാമെന്നുമാണ് സജിയുടെ ഭീഷണി.
ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്‍റെ മൃതദേഹം സംസ്കരിച്ചു. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകനായ സാബു തോമസിന് നാടും കുടുംബവും വികാര നിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്. രാവിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം ഉറ്റവര്‍ കണ്ണീരോടെ ഏറ്റുവാങ്ങി. പൊതുദര്‍ശനത്തിന് ശേഷം നാലരയോടെ കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.
പ്രാദേശിക നേതൃത്വം പ്രതിരോധത്തിലായതോടെ ഭീഷണി സന്ദേശത്തെ ന്യായീകരിച്ചും നിസാരവത്കരിച്ചും സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് തന്നെ രംഗത്തെത്തി. സജിയെ തള്ളിപ്പറയാതെ ന്യായീകരിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. സജിയുടെ ഭീഷണി കാര്യമായ സംഭവമായി എടുക്കേണ്ടെന്നാണ് സി വി വര്‍ഗീസിന്‍റെ പ്രതികരണം. വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാത്തതാണ് സാബുവിന് നിക്ഷേപം മടക്കി നല്‍കാന്‍ പ്രതിസന്ധി ആയതെന്ന ന്യായവും സിപിഎം നേതൃത്വവും ബാങ്ക് ഭരണസമിതിയും നിരത്തുന്നുണ്ട്.