ഷെഫീഖ് വധശ്രമക്കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍; വിധി 11 വര്‍ഷത്തിന് ശേഷം
ഇടുക്കി കുമളിയില്‍ 11 വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളും കുറ്റക്കാര്‍. ഷഫീക്കിന്റെ പിതാവ് ഷെരീഫ് രണ്ടാനമ്മ അലീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. തൊടുപുഴ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ശിക്ഷാ വിധിയുണ്ടാകും.
കോടതിവിധി ആശ്വാസമെന്ന് ഡോ എം കെ മുനീര്‍ പറഞ്ഞു. ഒരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാന്‍ പാടില്ല. വിഷയത്തില്‍ ആത്മാര്‍ത്ഥമായി ഇടപെട്ടു. രാഗിണിയുടെ സേവനം ഷെഫീക്കിന് ആശ്വാസം നല്‍കുന്നു – അദ്ദേഹം വ്യക്തമാക്കി.
കൊടുംക്രൂരതകള്‍ക്കിരയായ അഞ്ചുവയസ്സുകാരന്‍ ഷെഫീഖിനെ 2013 ജൂലൈ 15ന് ആണ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചത്. പട്ടിണി കിടന്ന് എല്ലും തോലുമായ രീതിയിലായിരുന്നു ശരീരം. ഓടിക്കളിച്ചപ്പോള്‍ വീണ് പരിക്കെറ്റന്നാണ് പിതാവ് ഷെരീഫ് ഡോക്ടറോട് പറഞ്ഞത്. ഷെഫീക്കിന് മര്‍ദ്ദനമേറ്റെന്ന് ഒറ്റനോട്ടത്തില്‍ ഡോക്ടര്‍ക്ക് മനസിലായതോടെ മലയാളി മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം പുറം ലോകമറിഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനം 75 ശതമാനം നിലച്ചതും തുടര്‍ച്ചയായി ഉണ്ടായ അപസ്മാരവും മൂലം ഷെഫീക്കിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്ന അവസ്ഥയായി.
വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കുശേഷം ജീവന്‍ തിരിച്ചു പിടിച്ചെങ്കിലും തലച്ചോറിനെറ്റ പരുക്ക് കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചു. കുമളി പൊലീസ് 2013 ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ 2022 ലാണ് വാദം തുടങ്ങിയത്. ചികിത്സാ പിഴവാണ് കുട്ടിയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും സാഹചര്യ തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടും നിര്‍ണായകമായി. വധശ്രമം, ക്രൂരമര്‍ദ്ദനം, പൊള്ളലേല്‍പ്പിക്കല്‍ തുടങ്ങി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷെഫീക്കിനെയും സര്‍ക്കാര്‍ നിയമിച്ച ആയ രാഗിണിയെയും 2014 ല്‍ തൊടുപുഴ അല്‍ അഹ്‌സര്‍ മെഡിക്കല്‍ കോളജ് കോളേജ് ഏറ്റെടുത്തു.