ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു. താൻ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ നല്‍കാതിരുന്നതാണ് ആത്മഹത്യ ചെയ്യാൻ കാരണം. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ബാങ്കിന് മുന്നിൽ തൂങ്ങി മരിച്ചത്.
കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ സാബു പണം നിക്ഷേപിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി ഈ പണം തിരികെ ലഭിക്കുന്നതിനായി സാബു ബാങ്കിൽ കയറി ഇറങ്ങുകയായിരുന്നു. തൊടുപുഴ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ തുടർചികിത്സയ്ക്കായിട്ടാണ് ഈ പണം സാബു തിരികെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പണം നൽകാൻ ബാങ്ക് അധികൃതർ തയ്യാറായിരുന്നില്ല. ഇതിന്റെ പേരിലുള്ള മനോവിഷമമായിരിക്കാം സാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്.
മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്. പലർക്കും ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സ്ഥിതി ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.
സംഭവത്തിൽ സാബുവിന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കത്തിൽ ബാങ്ക് സെക്രട്ടറിക്കും മറ്റ് രണ്ട് ജീവനക്കാർക്കെതിരെയും പരാമർശമുണ്ട്. ജീവിതകാലം മുഴുവൻ സമ്പാദിച്ച തുകയാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നും ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചു ചെന്നപ്പോൾ അപമാനിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുകയായിരുന്നു ഇനി ആർക്കും ഈ അവസ്ഥ വരരുത് എന്നായിരുന്നു സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ പണം ഘട്ടം ഘട്ടമായി നല്കാൻ തയ്യാറായിരുന്നുവെന്നാണ് ബാങ്കിന്റെ ഭാഗത്തുനിന്ന് അധികൃതർ വ്യക്തമാക്കുന്നത്.