പുനഃസംഘടന ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച
കോണ്‍ഗ്രസിലെ പുനസംഘടന ചര്‍ച്ചകള്‍ക്കിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കെ മുരളീധരന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവരെയും കെ സുധാകരന്‍ നേരില്‍ കണ്ടിരുന്നു. കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കെ സുധാകരന്റെ നീക്കം. പ്രധാന നേതാക്കളില്‍ നിന്ന് പിന്തുണ ഉറപ്പാക്കല്‍ ലക്ഷ്യമെന്ന് സൂചന.
കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് കെ. മുരളീധരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ ചര്‍ച്ചയ്ക്ക് ജയ്ഹിന്ദ് ചാനല്‍ അധികൃതരുമായി സംസാരിക്കാനുമാണ് വന്നത് എന്നാണ് വിശദീകരണം. തൃശ്ശൂരിലെ സംഘടന വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുരളീധരന്‍ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ച വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നാണ് മുരളീധരന്‍ പറയുന്നത്. ഇല്ലാത്ത പുനസംഘടന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. കെ സുധാകരന്‍ മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. സമുദായിക സംഘടനകള്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ വിളിക്കും. എന്‍.എസ്.എസിന്റെ പരിപാടിയില്‍ ഓരോ വര്‍ഷവും ഓരോരുത്തരാവും ഉദ്ഘാടനം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. 1990ല്‍ താന്‍ പങ്കെടുത്തുവെന്നതും മുരളീധരന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് ഒരു സമുദായിക സംഘടനകളും ആയി അകലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.