കുഞ്ഞ് 2 വയസിനുള്ളില്‍ മരിച്ചുപോകും, സഹായിക്കണമെന്ന് ഹര്‍ജി; സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്റെ രക്ഷയ്‌ക്കെത്തി സുപ്രിംകോടതി
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയെന്ന അപൂര്‍വരോഗം ബാധിച്ച 11 മാസം പ്രായമായ കുഞ്ഞിന്റെ രക്ഷയ്‌ക്കെത്തി സുപ്രിംകോടതി. കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള ഭീമമായ തുക കണ്ടെത്താന്‍ സുപ്രിംകോടതി ഇടപെട്ടു. രോഗചികിത്സയ്ക്കുള്ള 14 കോടി രൂപ കണ്ടെത്താന്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്ന് കണ്ട സുപ്രിംകോടതി ഈ വിഷയം പരിശോധിച്ച് മറുപടി അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. കുഞ്ഞിന് ഈ രോഗവുമായി രണ്ട് വയസില്‍ കൂടുതല്‍ ജീവിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് സുപ്രിംകോടതി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടത്.
സോള്‍ജെന്‍സ്മാ ജീന്‍ തെറാപ്പി മാത്രമാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗം. ഇതിന് 14.2 കോടി ചെലവ് വരും. കുഞ്ഞിന്റെ പിതാവ് ഒരു എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ഈ ചെലവ് തങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും സര്‍ക്കാര്‍ സഹായിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എല്ലാ പൗരന്മാര്‍ക്കും നല്‍കുന്ന ജീവിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. കുഞ്ഞിനുള്ള മരുന്ന് എത്തിക്കാന്‍ സാമ്പത്തിക സഹായം അനുവദിക്കുക, മരുന്ന് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുക, പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട് ക്രൗണ്ട് ഫണ്ടിംഗിലൂടെ പണം സമാഹരിക്കാന്‍ അനുവദിക്കുക മുതലായവ ആവശ്യങ്ങളാണ് ഹര്‍ജി മുന്നോട്ടുവച്ചിരുന്നത്. ഹര്‍ജി പരിഗണിച്ചശേഷം വിഷയം ഗൗരവതരമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും ഉജ്ജല്‍ ബുയാനും നിരീക്ഷിച്ചു. മറുപടി അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനും പ്രതിരോധ മന്ത്രാലയത്തിനും എയര്‍ സ്റ്റാഫ് ചീഫിനും ആര്‍മി ഹോസ്പിറ്റിലിനും കോടതി നോട്ടീസ് അയച്ചു.