പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും; രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ പാര്‍ലമെന്റ് കവാടത്തില്‍ ഭരണ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ കയ്യങ്കളിയുടെ പശ്ചാത്തലത്തില്‍ ഇരു സഭകളും പ്രക്ഷുബ്ദകുമെന്ന് ഉറപ്പാണ്. ഡോക്ടര്‍ ബി ആര്‍ അംബേദ്കറിനെതിരായ വിവാദപരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. എന്നാല്‍ പാര്‍ലമെന്റിന്റെ പ്രവേശന കവാടങ്ങളിലുള്ള പ്രതിഷേധത്തിന് സ്പീക്കര്‍ ഓം ബിര്‍ള വിലക്ക് ഏര്‍പ്പെടുത്തി. പ്രവേശന കവാടത്തിലെ പ്രതിഷേധങ്ങള്‍ വിലക്കിക്കൊണ്ടുള്ള സ്പീക്കറുടെ റൂളിംഗ് നിലനില്‍ക്കുന്നുണ്ട്.
പ്രേരണാക്കുറ്റമുള്‍പ്പെടെയാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷനുകളായ 109, 115, 117, 125, 131, 351 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കേസെടുത്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പൊലീസില്‍ മറ്റൊരു പരാതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ പോരാട്ടത്തിലേക്ക് കോണ്‍ഗ്രസും കടക്കുകയാണ്.
അതേസമയം പ്രതിഷേധത്തിനിടയില്‍ ഉണ്ടായ കയ്യാങ്കളിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഭ്യന്തരമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനൊപ്പം, രാഹുല്‍ഗാന്ധിക്കെതിരായ കേസ് ഉന്നയിച്ചും രാജ്യവ്യാപകമായി സംസ്ഥാന- ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബിആര്‍ അംബേദ്ക്കറുടെ പേരിലാണ് പാര്‍ലമെന്റ് കവാടത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. പിടിച്ചുതള്ളിയെന്നും മര്‍ദ്ദിച്ചെന്നും ആരോപിച്ച് ഇരുവിഭാഗവും രംഗത്തെത്തി. ബിജെപി അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നും പിടിച്ചുതള്ളിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തള്ളിയിട്ട എംപി ദേഹത്തേക്ക് വീണ് തനിക്ക് പരുക്കേറ്റെന്ന് ഒഡീഷയില്‍ നിന്നുള്ള ബിജെപി എം പി പ്രതാപ് സാരംഗിയും ആരോപിച്ചു.