KeralaTop News

അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് കണ്ടെത്തല്‍

Spread the love

കൊച്ചി വെണ്ണലയില്‍ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. മാതാവായ അല്ലി മരിച്ച ശേഷമാണ് കുഴിച്ചിട്ടത് എന്നാണ് കണ്ടെത്തല്‍. അതേസമയം സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 70 വയസ്സുള്ള അല്ലിയുടേത് സ്വാഭാവിക മരണമെന്ന് കണ്ടെത്തിയത്. മരിച്ച ശേഷമാണ് അമ്മയുടെ മൃതദേഹം അടക്കം ചെയ്തതെന്ന മകന്‍ പ്രദീപിന്റെ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ എന്ന വീട്ടിലാണ് സംഭവം നടന്നത്. 48കാരനായ പ്രദീപ് വീടിന്റെ മുറ്റത്ത് കുഴിയെടുത്ത് മൃതദേഹം അവിടെ കുഴിച്ചിടുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവരാണ് പൊലീസില്‍ വിവരമറിയിച്ചത്.

പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രദീപ് മദ്യലഹരിയിലായിരുന്നു. അതേസമയം പ്രദീപ് തികഞ്ഞ മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ സ്ഥിരം വഴക്കും പ്രശ്‌നങ്ങളും ഇയാള്‍ ഉണ്ടാക്കിയിരുന്നു. മരിച്ച അല്ലിക്ക് ഒരു മകള്‍ കൂടിയുണ്ട്. പ്രദീപിന്റെ ഇളയ മകനും ഈവീട്ടിലായിരുന്നു താമസം.