NationalTop News

അമിത്ഷായുടെ വിവാദ വീഡിയോ: കോൺഗ്രസ് നേതാക്കൾക്ക് എക്സിൻ്റെ നോട്ടീസ്

Spread the love

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചതിന് എക്‌സിൽ നിന്നും നേതാക്കൾക്ക് നോട്ടീസ് ലഭിച്ചതായി കോൺഗ്രസ്. വിവാദ വീഡിയോ പോസ്റ്റ് ചെയ്ത നേതാക്കൾക്കാണ് നോട്ടീസ് ലഭിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് എക്സ് നോട്ടീസ് അയച്ചതെന്നാണ് സൂചന. വിഷയത്തിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ എക്‌സിനോട് വിശദീകരണം തേടിയിരുന്നു. രാജ്യസഭയിൽ ബി ആർ അംബേദ്കറെ കുറിച്ച് അമിത് ഷാ നടത്തിയ പ്രസംഗത്തിൻ്റെ എഡിറ്റ് ചെയ്ത വീഡിയോകൾ കോൺഗ്രസ് പങ്കുവെക്കുന്നുവെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണിത്.

ഇന്ത്യൻ ഭരണഘടനാ ശില്പിയായ അംബേദ്കറെ അപമാനിച്ചുകൊണ്ടായിരുന്നു കോൺഗ്രസിനെതിരെ അമിത്ഷാ ആഞ്ഞടിച്ചത്. എന്നാൽ ഇത് ഇരു സഭകളിലും വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്. ”അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്നും ഇത്രയും തവണ ദൈവത്തിൻ്റെ പേര് വിളിച്ചിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു”വെന്നും അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു.

കോൺഗ്രസ് അവരുടെ പഴയ തന്ത്രങ്ങൾ ഉപയോഗിച്ചെന്നും വളച്ചൊടിച്ച വസ്തുതകൾ അവതരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും അംബേദ്കറെ ഒരിക്കലും അപമാനിക്കാത്ത ഒരു പാർട്ടിയിൽ നിന്നാണ് താൻ വരുന്നതെന്നുമായിരുന്നു വിവാദ പ്രസംഗത്തിന് ശേഷം അമിത്ഷാ നടത്തിയ പ്രതികരണം.

അതേസമയം, അംബേദ്കർ പ്രതിമയ്ക്ക് സമീപം സഖ്യ എംപിമാരുടെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. അംബേദ്കറിന്റെ ചിത്രങ്ങളുമായി നീല വസ്ത്രങ്ങൾ അണിഞ്ഞാണ് നേതാക്കളുടെ പ്രതിഷേധം.