NationalTop News

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതിവിധി ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിവിധി ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന വരലെ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി മൊഴി കൊടുക്കാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി.

കേസിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ ഉൾപ്പെടെയുള്ള രേഖകൾ സംസ്ഥാന സർക്കാരിനോട് ഹാജരാക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയത് സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന ഉറപ്പിലാണ് എന്ന് ഹർജിക്കാർ വാദിച്ചു. ഹർജികൾക്കെതിരെ വനിതാ കമ്മീഷൻ വീണ്ടും സത്യവാങ്മൂലം നൽകിയിരുന്നു. കേസെടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ല എന്ന് സംസ്ഥാന വനിത കമ്മീഷൻ വ്യക്തമാക്കി.

റിപ്പോർട്ടിന്മേൽ എടുത്ത 32 കേസുകളിൽ നിലവിൽ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ 11 എണ്ണവും ഒരു അതിജീവിതയുടെ പരാതിയിൽ റജിസ്റ്റർ ചെയ്തതാണ്. നാല് കേസുകൾ പ്രാഥമികാന്വേഷണം നടത്തിയപ്പോൾ തെളിവുകളില്ലാത്തതിനാൽ അവസാനിപ്പിച്ചതായി സർക്കാർ അറിയിച്ചിരുന്നു.