‘എന്‍സിപി മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കും’; ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് തോമസ് കെ തോമസ്
എന്‍സിപി മന്ത്രിമാറ്റ വിവാദത്തില്‍ പ്രതികരണവുമായി തോമസ് കെ തോമസ്. മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശരത് പവാര്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഡല്‍ഹിയില്‍ കാണാന്‍ പോയതെന്ന് വെളിപ്പെടുത്തിയ അദ്ദേഹം കാര്യങ്ങള്‍ ശരത് പവാറുമായി ചര്‍ച്ച നടത്തിയെന്നും പറഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കല്ല പവാറിനെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അതും തന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി. പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു. താന്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നത് പോലെയാകും. മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി വെളിപ്പെടുത്തി.