Wednesday, December 18, 2024
Latest:
KeralaTop News

ആദിവാസി വിഭാഗത്തില്‍പ്പെട്ട മധ്യവയസ്‌കനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പിടിയിലാകാനുള്ള രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം

Spread the love

വയനാട്ടില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട മധ്യവയസ്‌കനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പിടിയിലാകാനുള്ള രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം. ഇരുവരും സംസ്ഥാനം വിട്ടതായാണ് സൂചന. പനമരം സ്വദേശികളായ നബീല്‍ കമര്‍ ടിപി (25), വിഷ്ണു .കെ എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവര്‍ക്കുവേണ്ടി ഇന്നലെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. അറസ്റ്റിലായ പച്ചിലക്കാട് സ്വദേശികളായ അഭിരാം, മുഹമ്മദ് അര്‍ഷാദ് എന്നിവരെ ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. പരുക്കേറ്റ കൂടല്‍ക്കടവ് സ്വദേശി മാതന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്..

പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് മാതന്‍ പ്രതികരിച്ചു. കൂടല്‍കടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മുന്‍ പരിചയവുമില്ലാത്തവരാണ് ആക്രമിച്ചതെന്നും ഈ സംഘം കൂടല്‍ കടവിന് താഴ്ഭാഗത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും മാതന്‍ പറഞ്ഞു.

അതേസമയം, പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതനെ ഇന്നലെ മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചു. സംഭവത്തില്‍ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതികള്‍ ഒളിവിലാണ് എന്നറിയുന്നു. വേഗത്തില്‍ കസ്റ്റഡിയില്‍ എടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. ആദിവാസി സമൂഹത്തോടുള്ള സമീപനത്തെ ചൂണ്ടിക്കാട്ടുന്നതാണ് ഈ സംഭവം – മന്ത്രി വ്യക്തമാക്കി.

വയനാട് മാനന്തവാടി കൂടല്‍ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അേേരങ്ങറിയത് . വിനോദ സഞ്ചാരികളാണ് കാറില്‍ കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത് .കൈയ്ക്കും കാലിനും ശരീരത്തിന്റെ പിന്‍ഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.