KeralaTop News

അഷ്ടമുടി കക്കയുടെ ഉൽപാദനം കുറയുന്നു: 30 ലക്ഷം വിത്തുകൾ നിക്ഷേപിച്ചു; പുനരുജ്ജീവന പദ്ധതിയുമായി CMFRI

Spread the love

പൂവൻ കക്ക എന്ന് വിളിക്കുന്ന അഷ്ടമുടികായലിലെ കക്കയുടെ ഉൽപാദനം ​ഗണ്യമായി കുറയുന്നതിന് പരിഹാരമായി പുനരുജ്ജീവന പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കക്ക ഉൽപാദനത്തിൽ സ്വഭാവിക പുനരുജ്ജീവനം ലക്ഷ്യമിട്ട് കായലിൽ 30 ലക്ഷം കക്ക വിത്തുകൾ നിക്ഷേപിച്ചു. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയിൽ കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെ ഉൽപാദിപ്പിച്ച വിത്തുകളാണ് കായലിൽ രണ്ടിടത്തായി നിക്ഷേപിച്ചത്. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന ബ്ലൂ ​ഗ്രോത്ത് പ​ദ്ധതിയുടെ ഭാ​ഗമായാണ് പദ്ധതി.

സുസ്ഥിരമായ രീതിയിൽ കായലിൽ കക്കയുടെ ലഭ്യത പൂർവസ്ഥിതിയിലാക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്കും വിദേശ കയറ്റുമതി വ്യാപാരത്തിനും ​ഗുണകരമാകുന്നതാണ് പദ്ധതി. ബിഷപ്പ് തുരുത്ത്, വളം അൻസിൽ തുരുത്ത് എന്നിവിടങ്ങിലാണ് വിത്തുകൾ നിക്ഷേപിച്ചത്. ഒരു വർഷം നീണ്ടു നിന്ന ​ഗവേഷണത്തിലൂടെ സിഎംഎഫ്ആർഐ പൂവൻ കക്കയുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് പുനരുജ്ജീവന പദ്ധതിക്ക് വഴിയൊരുക്കിയത്.

സിഎംഎഫ്ആർഐയുടെ കണക്കുകൾ പ്രകാരം, 1990 കളുടെ തുടക്കത്തിൽ ഈ കക്കയുടെ വാർഷിക ലഭ്യത 10,000 ടൺ ഉണ്ടായിരുന്നത് സമീപകാലത്ത് ആയിരം ടണ്ണിൽ താഴെയായി കുത്തനെ കുറഞ്ഞിട്ടുണ്ട്. വിവേചനരഹിതമായ സംഭരണ രീതികളിലൂടെ അനിയന്ത്രിത ചൂഷണം നടന്നതിനാൽ 1990കൡ കക്കസമ്പത്ത് ഗണ്യമായി കുറഞ്ഞിരുന്നത്. കക്കയുടെ പ്രജനന കാലമായ ഡിസംബർ-ഫെബ്രുവരി മാസങ്ങളിൽ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ നിർദേശത്തിൽ കക്കവാരൽ നിരോധിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കോരുവലയുടെ കണ്ണിയിളവ് 30 മി.മീറ്ററായും കയറ്റുമതി ചെയ്യപ്പെടുന്ന കക്കയിറച്ച് കിലോ ഗ്രാമിന് 1400-ൽ താഴെ എണ്ണമായും നിജപ്പെടുത്തി ഈ സംരക്ഷണ പദ്ധതി 1994 മുതൽ ഫലം നൽകി തുടങ്ങിയിരുന്നു.

എന്നാൽ, കുറച്ചു വർഷങ്ങളായി ഇവയുടെ ഉൽപാദനം ​ഗണ്യമായി കുറഞ്ഞു വരികയാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാണിത്. എന്നാൽ നിലവിലെ കക്കയുടെ ഉല്പാദനം കുറയുന്നതിന് കാരണമായി സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത് പരിസ്ഥിതി മലിനീകരണം, തദ്ദേശീയമല്ലാത്ത ജീവിവർഗങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾ എന്നിവയാണ്. അന്താരാഷ്ട്ര വിപണികളിൽ ആവശ്യക്കാരേറുന്നതിനാൽ മികച്ച കയറ്റുമതി സാധ്യതയുള്ളതാണ് അഷ്ടമുടി കക്ക.