Top NewsWorld

പാസ്പോർട്ട് രേഖകൾ കൈമാറി; റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശികളുടെ മോചനശ്രമം ഊർജിതം

Spread the love

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ കുറാഞ്ചേരി സ്വദേശികളുടെ മോചനശ്രമം ഊർജിതം. ജെയിനിൻ്റെയും, ബിനിലിൻ്റെയും പാസ്പോർട്ട് രേഖകൾ മോസ്കോയിലേക്ക് കൈമാറിയതായി റഷ്യൻ എംബസി ഓർത്തഡോക്സ് സഭാധ്യക്ഷനെ അറിയിച്ചു. തുടർ വിവരങ്ങൾ ഉടൻ അറിയിക്കാമെന്ന് ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്ക് റഷ്യൻ എംബസി നൽകിയ സന്ദേശത്തിൽ പറയുന്നു. റഷ്യയിൽ കൂലി പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളുടെ ദുരിതം ട്വന്റി ഫോർ പുറത്തുവിട്ടതോടെയാണ് ഓർത്തഡോക്സ് സഭാ അധ്യക്ഷന്റെ ഇടപെടൽ ഉണ്ടായത്.

ബിനിലിനെയും ജെയിനിനെയും യുദ്ധമുഖത്ത് ഫ്രണ്ട് ലൈൻ ഫൈറ്റേഴ്സ് ആയി നിയമിക്കാൻ നീക്കം തുടങ്ങിയതായി ഇന്നലെ ജെയിൻ വീഡിയോയിലൂടെ വിശദീകരിച്ചു. റഷ്യൻ പട്ടാള ഉദ്യോഗസ്ഥർ യുദ്ധ മുഖത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ തങ്ങളുടെ കരാർ മൂന്നുമാസം മുമ്പ് റദ്ദാക്കി എന്ന് വരെ ലഭിച്ചു. ഈ വിവരം റഷ്യൻ കമാൻഡറോട് ധരിപ്പിച്ചെങ്കിലും കരാർ റദ്ദാക്കിയതായി വിവരം ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും ജെയിൻ വീഡിയോയിൽ വിശദീകരിക്കുന്നു. വീഡിയോ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും മോചനത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് കുടുംബത്തിൻറെ ആവശ്യം.

അതേസമയം, റഷ്യൻ സർക്കാരിൻ്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏറ്റുവാങ്ങിയ ചടങ്ങിലാണ് കാതോലിക്കബാവ റഷ്യൻ അംബാസിഡറോട് സഹായം അഭ്യർത്ഥിച്ചിരുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവരെയും കണ്ടെത്തി നാട്ടിലേക്ക് മടക്കി അയക്കാനുള്ള നീക്കത്തിലാണ് എംബസി എന്നാണ് സൂചന.