Saturday, April 12, 2025
Latest:
KeralaTop News

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂര്‍ സ്വദേശി പി.പി.മാധവന്റെ സംസ്‌കാരം ഇന്ന് ; രാഹുല്‍ ഗാന്ധി സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും

Spread the love

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂര്‍ സ്വദേശി പി.പി.മാധവന്റെ സംസ്‌കാരം ഇന്ന് നടക്കും. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്നലെ ആയിരുന്നു അന്ത്യം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും.

അന്തരിച്ച പി പി മാധവന് നെഹ്‌റു കുടുംബവുമായി ഉണ്ടായിരുന്നത് നാല് പതിറ്റാണ്ടില്‍ ഏറെ നീണ്ട ആത്മബന്ധമായിരുന്നു. ജോലി തേടി രാജ്യ തലസ്ഥാനത്തെത്തിയ പി പി മാധവന്‍ പിന്നീട് നെഹ്റു കുടുംബത്തിലെ മൂന്ന് തലമുറകളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി മാറി.’ഐ തിങ്ക് ദിസ് ബോയ് ഈസ് ഗുഡ്, ടേക്ക് ഹിം’ പി പി മാധവനെ കുറിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഫയലില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

1982 – 83 കാലഘട്ടം തൃശ്ശൂര്‍ ഒല്ലൂര്‍ തിരുവള്ളക്കാവ് ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പി പി മാധവന്‍ ഡല്‍ഹിയിലെത്തിയത് ജോലി തേടിയാണ്. ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന സഹോദരന്‍ വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒഴിവുണ്ടെന്ന് അറിഞ്ഞറിഞ്ഞു അപേക്ഷിച്ചത്. അഭിമുഖം നടത്തിയത് പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി നേരിട്ട്. ശേഷം കുറിച്ചതാണ് ഈ വാക്കുകള്‍. ഇന്ദിരക്ക് ശേഷം രാജീവിന്റെ നിഴലായി, പിന്നീട് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പി പി മാധവ് 10 ജന്‍പഥി ലെ നിറ സാന്നിധ്യമായി.ഇന്ദിരയുടെ യുടെയും രാജീവിന്റയും അകാല വിയോഗത്തില്‍ കുടുംബത്തിന്റെ തങ്ങും തണലുമായത് പി പി മാധവനായിരുന്നു.

പരാതികളുമായും സഹായം തേടിയും എത്തുന്നവരെ നിരാശരായി മടക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു അദ്ദേഹം.10 ജന്‍പഥില്‍ ഒരു തവണയെങ്കിലും എത്തിയവരാരും മാധവ് ജി യെ മറക്കില്ല. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പോലും കര്‍മ നിരാധനായിരുന്ന പി പി മാധവന്റ മരണത്തിലൂടെ രാഹുലിനും പ്രിയങ്കക്കും നഷ്ടപ്പെട്ടത് ഒരു കുടുംബാംഗത്തെ തന്നെയാണ്.