കട്ടമ്പുഴ കാട്ടാന ആക്രമണം; എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്
കട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ഹൃദയ വേദന ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്‍ദോസിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ജനരോക്ഷം ഉയര്‍ന്നിട്ടുണ്ട്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ചെറുപ്പക്കാരന് ഇങ്ങനെ ദാരുണമായി കൊല്ലപ്പെടുക എന്നത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. സംഭവം അറിഞ്ഞ ഉടനെ തന്നെ എറണാകുളം ജില്ലാ കളക്ടറോട് ആ കാര്യത്തില്‍ ഒരു ഓഡിറ്റിംഗ് നടത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് – എ കെ ശശീന്ദ്രന് വ്യക്തമാക്കി.
ഡ്രഞ്ച്, ഫെന്‍സിങ്, തെരുവ് വിളക്കുകള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്കി. സമാധാന അന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നു. ആര് ആര് ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടായിരുന്നു. ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കരാറുകര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നില്ല. വഴി വിളക്കുകള്‍ സ്ഥാപിക്കുന്നത് വനം വകുപ്പല്ല – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനത്തിലൂടെ റോഡുകള്‍ ഉണ്ടാകുന്നത് ഭൂഷണം ആണോ എന്ന് ചിന്തിക്കണമെന്ന് മന്ത്രി പറഞ്ഞു. നടപടി ക്രമങ്ങളില്‍ ഒരു കാല താമസവും കുട്ടമ്പുഴയില്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വിശദ റിപ്പോര്‍ട്ട് സമരിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു.
കേന്ദ്രം വനം വകുപ്പ് മന്ത്രിയെ കഴിഞ്ഞ മാസം കണ്ടിരുന്നുവെന്ന് എ കെ ശശീന്ദ്രന് വെളിപ്പെടുത്തി. വന്യ മൃഗ ആക്രമണം തടയാന്‍ പ്രത്യേക ധനസഹായം നല്കാന് ആവശ്യപ്പെട്ടിരുന്നു. ചെയ്യാം എന്ന് പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. 620 കോടിയുടെ പ്രൊജക്റ്റ് നടപ്പിലാക്കാന്‍ കേന്ദ്രത്തിനു താത്പര്യമില്ല. കേരളതിന്റെ പദ്ധതികളോട് കേന്ദ്രത്തിനു അലര്‍ജി. നിലവില്‍ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നത് സ്വന്തം നിലയ്ക്കാണ് – മന്ത്രി വ്യക്തമാക്കി.