ചോദ്യപേപ്പര്‍ ചോർച്ച: എംഎസ് സൊല്യൂഷൻസിനെതിരെ മന്ത്രി, അധ്യാപകരുടെ ട്യൂഷനും പിടിവീഴും; അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എംഎസ് സൊല്യൂഷൻസിനെ കടുത്ത ഭാഷയിൽ വിമർശിച്ച മന്ത്രി, അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു.
ആറംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ച്ച ഉണ്ടെങ്കിൽ പരിഹരിക്കും. ചോർച്ച സംബന്ധിച്ച് അര മണിക്കൂറോളം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കർശന നടപടിയെടുക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമേയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ചോദ്യപേപ്പർ അച്ചടിച്ചത് സി ആപ്റ്റിലാണെന്നും ബിആർസികൾ വഴിയാണ് ചോദ്യപ്പേപ്പർ വിതരം ചെയ്തതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അർധ വാർഷിക പരീക്ഷാ ചോദ്യപ്പേപ്പറുകൾ വളരെ നേരത്തേ സ്കൂളുകളിൽ എത്താറുണ്ട്. ഇത്തരം സംഭവം മേലിൽ ആവർത്തിക്കാതിരിക്കാനാണ് നടപടി. അധ്യാപകർ സ്കൂളുകൾക്ക് മുന്നിലെ ട്യൂഷൻ കേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ കാര്യവും അന്വേഷിക്കും.
എംഎസ് സൊല്യൂഷൻസ് പരിധികളെല്ലാം ലംഘിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. സ്ഥാപനം മര്യാദയുടെ പരിധികൾ ലംഘിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന വിധത്തിൽ സ്ഥാപനം പ്രവർത്തിച്ചുവെന്നും മന്ത്രി വിമർശിച്ചു. ചോദ്യ പേപ്പർ തയ്യാറാക്കുന്നതിൽ മാറ്റം വരുത്തുമെന്നും വിരമിച്ച ഒരു അധ്യാപകന് എംഎസ് സൊല്യൂഷനുമായി ബന്ധം ഉണ്ടെന്ന് ഡിഡിഇയുടെ റിപ്പോർട്ട് കിട്ടിയെന്നും മന്ത്രി പറഞ്ഞു.