പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ; പഞ്ചാബിന് പുറത്ത് ട്രാക്ടർ മാർച്ച് നടത്തും
പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ. ഇന്ന് പഞ്ചാബിന് പുറത്ത് ട്രാക്ടർ മാർച്ച് നടത്തും. നിരവധി കർഷകരെ പങ്കെടുപ്പിച്ചാണ് മാർച്ച് നടത്തുക. മറ്റന്നാൾ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കാനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. റെയിൽവേ ട്രാക്കുകൾക്കും സ്റ്റേഷനുകൾക്കും മുൻപിൽ സംഘം ചേർന്ന് പ്രതിഷേധിക്കാനാണ് ആഹ്വാനം. കേന്ദ്രസർക്കാർ അവഗണനെ തുടർന്നാണ് പ്രതിഷേധം കടുപ്പിക്കാനുള്ള കർഷക സംഘടനകളുടെ നീക്കം
തുടർ പ്രതിഷേധ സമരങ്ങളിൽ രാകേഷ് ടിക്കായത്ത് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും ഭാഗമായേക്കും. കർഷക സമരത്തെ തുടർന്ന് ശംഭു അതിർത്തിയിൽ പോലീസ് വിന്യാസം തുടരുകയാണ്. ദില്ലി ചലോ മാർച്ച് തുടർച്ചയായി പോലീസ് തടഞ്ഞതോടെയാണ് പുതിയ പ്രതിഷേധ മാർഗ്ഗങ്ങളിലേക്ക് കർഷകർ കടക്കുന്നത്. ഈ മാസം 18ന് പഞ്ചാബിൽ ട്രെയിനുകൾ തടയുമെന്നും കർഷക സംഘടനകൾ അറിയിച്ചു.
കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും കർഷകരുടെ നിരന്തര ആവശ്യങ്ങളോട് മുഖം തിരിക്കുന്നുവെന്നും ആരോപിച്ചാണ് കർഷകർ പ്രതിഷേധം ശക്തമാക്കുന്നത്. പ്രശ്നപരിഹാരത്തിനായി കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിലുള്ള ചർച്ചകൾക്കായി വഴികൾ തേടുകയാണെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ്.