മെക് 7 വിവാദം: ‘മുസ്ലീങ്ങള്‍ ഉള്‍പ്പെട്ട ഏത് കൂട്ടായ്മയെയും സംശയത്തോടെ നോക്കുന്നത് അംഗീകരിക്കാനാവില്ല’: എസ് കെ എസ് എസ് എഫ്
മുസ്ലീങ്ങളുടെയോ മുസ്ലീങ്ങള്‍ ഉളപ്പെട്ടതോ ആയ ഏത് കൂട്ടായ്മയെയും സംശയത്തോടെ നോക്കുന്നത് അംഗീകരിക്കാനാവില്ലന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്ലീങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ മറ്റൊരു കണ്ണിലൂടെ കാണുന്ന പ്രവണത നേരത്തെയും ഉണ്ടായിട്ടുണ്ട്. സിപിഐഎം നേതാവ് തുടങ്ങിവെച്ച ക്യാമ്പയിന്‍ ബിജെപി നേതാക്കള്‍ ഏറ്റു പിടിച്ചുവെന്നും സത്താര്‍ പന്തല്ലൂരിന്റെ എഫ് ബി പോസ്റ്റ്.
മെക് 7 ന്റെ കാര്യത്തിലുള്ള ആശങ്ക മോഹനന്‍ മാഷിന് കേരള പൊലീസില്‍ പിടിമുറുക്കിയ ആര്‍എസ്എസ് കരങ്ങളെ കുറിച്ചും വേണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്ത് വന്നാലും പൊലീസ് ആസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കും എന്നും പ്രഖ്യാപിച്ച ഐജി സുരേഷ് രാജ് പുരോഹിത് അടക്കുമുള്ളവര്‍ സിപിഎം ഭരിക്കുമ്പോഴാണ് സര്‍വീസില്‍ ഇരിക്കുന്നത് എന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, വ്യായാമ കൂട്ടായ്മ മെക് സെവനെതിരായ വിമര്‍ശനത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയിരുന്നു. മെക്ക് സെവനെതിരെ അല്ല താന്‍ പറഞ്ഞത്. ചില ശക്തികള്‍ ഈ സംഘടനയിലേക്ക് നുഴഞ്ഞുകയറുന്നു എന്നാണ് പറഞ്ഞതെന്ന് പി മോഹനന്‍ പറഞ്ഞു. ഇതില് സംഘപരിവാര്‍, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവര്‍ ഉണ്ടാകാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.