Top NewsWorld

സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ല, ഗായിക പരസ്തു അഹമ്മദിയെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

ഗായിക പരസ്തു അഹമ്മദിയെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു. സംഗീത പരിപാടി നടക്കുമ്പോൾ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താലാണ് അറസ്റ്റ്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ, അറസ്റ്റിലായതിന് ശേഷം പരസ്തു അഹമ്മദിയെക്കുറിച്ചുള്ള ഒന്നും അറിയില്ലെന്ന് അഹമ്മദിയുടെ അഭിഭാഷകൻ മിലാദ് പനാഹിപൂർ പറയുന്നു. ഇറാനിയൻ പോലീസ് ഉദ്യോഗസ്ഥർ പരസ്തുവിനെ എവിടെയാണ് മാറ്റിയതെന്ന് ആർക്കും അറിയില്ല.പരസ്‌തുവിന്റെ മ്യൂസിക്കൽ ബാൻഡിലെ മറ്റ് രണ്ട് അംഗങ്ങളായ എഹ്‌സാൻ ബെരഗ്ദാർ, സൊഹൈൽ ഫാഗിഹ്-നസിരി എന്നിവരും ശനിയാഴ്ച അറസ്റ്റിലായിരുന്നു.

പരസ്തു അഹമ്മദി യൂട്യൂബിൽ ഒരു ഓൺലൈൻ സംഗീത കച്ചേരി നടത്തിയിരുന്നതായി ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിന് ശേഷം, വടക്കൻ ഇറാനിലെ മസന്ദരനിൽ നിന്നാണ് ഗായികയെ അറസ്റ്റ് ചെയ്തത്.

ഹിജാബ് നിയമത്തിൽ ഇറാൻ സർക്കാർ പരിഷ്കരണം വരുത്തിയത് അടുത്തിടെയാണ് . ​​ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്കരിച്ചത്. പുതിയ നിയമത്തിലെ ആർട്ടിക്കിൾ 60 പ്രകാരം ഹിജാബ് നിയമം ലംഘിക്കുന്നവർക്ക് പിഴയോ, ചാട്ടവറടിയോ, ജയിൽ ശിക്ഷയോ ലഭിക്കും. കുറ്റം വീണ്ടും ആവർത്തിച്ചാൽ 15 വർഷം വരെ തടവോ വധശിക്ഷയോ ആണ് ലഭിക്കുക.