‘ശബരിമലയിൽ സുഗമ ദർശനം, എത്തിയത് 22.67 ലക്ഷം ഭക്തർ’; വരുമാനം 163.89 കോടി
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഡിസംബർ 14ന് 29 ദിവസം പൂർത്തിയായപ്പോൾ 22,67,956 ഭക്തർ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം എത്തിയ തീർത്ഥാടകരേക്കാൾ 4,51,043 പേർ കൂടുതലാണിത്. ദർശനത്തിനെത്തിയ തീർത്ഥാടകർക്കും, ഒരു മാസക്കാലം സുഗമ ദർശനം സാധ്യമാക്കിയ എല്ലാ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും പ്രസിഡന്റ് നന്ദി അറിയിച്ചു.
മാധ്യമപ്രവർത്തകർക്കും നന്ദി അറിയിച്ചു.29 ദിവസങ്ങൾക്കുള്ളിൽ ലഭിച്ച ആകെ വരുമാനം 163,89,20,204 രൂപയാണ്. ഇതിൽ അരവണയുടെ വിറ്റുവരവ് 82,67,67,050 രൂപയാണ്. കാണിക്കയിൽ നിന്നുള്ള വരുമാനം 52.27 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച വരുമാനത്തെക്കാൾ 22,76,22,481 രൂപ ഇത്തവണ അധികമുണ്ടായി. അരവണ വിറ്റുവരവ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 65,26,47,320 രൂപ ആയിരുന്നപ്പോൾ ഈ വർഷം 17,41,19,730 രൂപ വർധിച്ചു.
കാണിക്കയിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച തുകയേക്കാൾ 8.35 കോടി രൂപ അധികമെത്തി. ആറന്മുളയിൽ നിന്ന് ഡിസംബർ 22 ന് രാവിലെ ആറുമണിക്ക് പുറപ്പെടുന്ന തങ്കയങ്കി ഘോഷയാത്ര 25 ന് വൈകിട്ട് 5 മണിക്ക് സന്നിധാനത്ത് എത്തിച്ചേരുമെന്ന് പ്രസിഡന്റ് അറിയിച്ചു. വൈകിട്ട് 6 30ന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. പൊലീസും ദേവസ്വം ബോർഡ് ജീവനക്കാരും ചേർന്ന് നടത്തുന്ന കർപ്പൂരാഴി ഡിസംബർ 23, 24 തീയതികളിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അരവണ യഥേഷ്ടം ലഭ്യമായതിനാലാണ് അരവണയിൽ നിന്നുള്ള വിറ്റുവരവ് വർധിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.