NationalTop News

1978 ന് ശേഷം തുറന്ന ക്ഷേത്രത്തിനുള്ളിൽ ശിവന്റെയും ​ഹനുമാന്റെയും ​വി​ഗ്രഹങ്ങൾ

Spread the love

സംഭലിൽ വർഗീയ കലാപങ്ങളെത്തുടർന്ന് പൂട്ടിക്കിടന്ന ക്ഷേത്രം ജില്ലാ അധികൃതർ വീണ്ടും തുറന്നു. 1978 ന് ശേഷം തുറന്ന ക്ഷേത്രത്തിനുള്ളിൽ ശിവന്റെയും ​ഹനുമാന്റെയും ​വി​ഗ്രഹങ്ങൾ കണ്ടെത്തി. ഷാഹി ജുമാ മസ്ജിദിന് സമീപത്തെ ക്ഷേത്രമാണ് തുറന്നത്. ഷാഹി ജമാ മസ്ജിദ് സ്ഥലം കൈയേറിയെന്നാരോപിച്ച് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് അധികൃതർ പൂട്ടിക്കിടക്കുന്ന ക്ഷേത്രം കണ്ടെത്തിയത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

1978 ലെ കലാപത്തിന് ശേഷം പ്രദേശത്തെ നിരവധി കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് താമസം മാറി. ഇതൊരു പുരാതന ക്ഷേത്രമാണെന്നും ഭസ്മശങ്കർ ക്ഷേത്രം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. മുഗൾ ഭരണകാലത്ത് നിർമിച്ച ഷാഹി ജുമാ മസ്ജിദിൽ കൈയേറ്റമാരോപിച്ച് അധികൃതർ സർവേ നടത്തിയതിനെ തുടർന്ന് നവംബർ 24 ന് സംഭാലിൽ അക്രമം നടന്നിരുന്നു. അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഭസ്മശങ്കർ ക്ഷേത്രത്തിൽ ഹനുമാൻ്റെ വിഗ്രഹവും ശിവലിംഗവുമുണ്ടെന്നും വർഗീയ കലാപത്തെത്തുടർന്ന് 1978 മുതൽ ക്ഷേത്രം പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) വന്ദന മിശ്ര പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തെ കിണർ ഉപയോ​ഗ യോ​ഗ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. പൂർവികരിൽ നിന്ന് ഈ ക്ഷേത്രത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഇതൊരു പുരാതന ക്ഷേത്രമാണ്. എന്നാൽ കലാപത്തിന് ശേഷം ക്ഷേത്രം അടച്ചിട്ടുവെന്നും ഈ ക്ഷേത്രത്തിന് 500 വർഷമെങ്കിലും പഴക്കമുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.