അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തി വിടൂ; ശംഭു അതിർത്തിയിൽ കർഷകരെ തടഞ്ഞ് പൊലീസ് , ജലപീരങ്കി പ്രയോഗിച്ചു
പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നാരംഭിച്ച കർഷകരുടെ ദില്ലി ചലോ മാർച്ച് തടഞ്ഞ് പൊലീസ്. ഇത് മൂന്നാം തവണയാണ് പൊലീസ് മാർച്ച് തടയുന്നത്. അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂവെന്നും കർഷകരെ പിന്തിരിപ്പിക്കാൻ കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. പൊലീസ് നടപടിയിൽ നിരവധി കർഷകർക്ക് പരുക്കേറ്റിട്ടുണ്ട്. 101 കർഷകരാണ് പ്രതിഷേധമാർച്ചിൽ ഉണ്ടായിരുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കർഷകർ വ്യക്തമാക്കി. കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും ഗുസ്തി താരവുമായ ബജ്റംഗ് പൂനിയ ശംഭുവിൽ എത്തി. ഈ മാസം 18ന് കർഷകരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്ന് പൊലീസ്.
അതേസമയം, സമാധാനപരമായിട്ടായിരിക്കും പുനഃരാരംഭിച്ച മാർച്ച് നടത്തുകയെന്ന് കർഷക നേതാവ് സർവെൻ സിംഗ് പന്ദർ വ്യക്തമാക്കിയിരുന്നു.. സമരം ശക്തമാക്കും മുമ്പ് സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും നിരാഹാര സമരം നടത്തുന്ന ജഗജീത് സിംഗ് ദല്ലേ വാളിന്റ ആരോഗ്യ നില മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.