KeralaTop News

പരീക്ഷ നടത്തിപ്പിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല; ചോദ്യപേപ്പർ ചോർന്നത് യുട്യൂബ് ചാനലുകൾ വഴി, DGPക്ക് പരാതി നൽകി; മന്ത്രി വി ശിവൻകുട്ടി

Spread the love

പരീക്ഷ നടത്തിപ്പിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്രിസ്‌മസ്‌ പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകി. ചോദ്യപേപ്പറുകൾ ചോർന്നിട്ടുള്ളത് ചില യുട്യൂബ് ചാനലുകൾ വഴിയാണ്, അതീവ ഗൗരവമേറിയ സംഭവമാണിതെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.

ചോദ്യപേപ്പർ സംസ്ഥാനത്തിന് പുറത്താണ് അച്ചടിക്കുന്നത്. രണ്ട് സെറ്റ് ചോദ്യപേപ്പറാണ് തയ്യാറാക്കിയിരുന്നത്. ചോദ്യ പേപ്പർ പ്രസിദ്ധീകരിക്കുന്ന യൂട്യൂബ് ചാനലുകളും, സ്വകാര്യ ട്യൂഷൻ സെന്ററുകളും ഇത് വലിയ കാര്യമായി എടുക്കരുത് . സ്വകാര്യ ട്യൂഷൻ സെന്ററുകളുമായി ബന്ധം പുലർത്തുന്ന അധ്യാപകരെ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും. അത്തരക്കാരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല ഏതൊക്കെ അധ്യാപകരാണ് സ്വകാര്യ ട്യൂഷൻ സെൻ്ററുകളിൽ പോകുന്നത് എന്നത് പരിശോധിക്കും,കണ്ടെത്തിയാൽ ഇവർക്കെതിരെയും കർശന നടപടി സ്വീകരിക്കും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നവരെ വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ വർഷവും ഇതേ സമാനമായ പരാതികൾ ഉന്നയിക്കപ്പെട്ടിരുന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്.