NationalTop News

ജാമ്യ ഉത്തരവിന്റെ പകർപ്പ് കൈമാറും; നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും

Spread the love

പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും. തെലങ്കാന ഹൈക്കോടതി ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നെങ്കിലും, ജാമ്യ ഉത്തരവിന്റെ പകർപ്പ് വൈകിയതിനാൽ ജയിലിൽ കഴിയേണ്ടി വരികയായിരുന്നു. രാവിലെ ജയിൽ സൂപ്രണ്ട് എത്തിയാൽ ഉടൻ നടന്റെ അഭിഭാഷകർ ജാമ്യ ഉത്തരവിന്റെ പകർപ്പ് കൈമാറും.

ഹൈക്കോടതി ഇടക്കാല ജാമ്യം ലഭിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും കോടതിയുത്തരവിന്റെ പകർപ്പ് ലഭിക്കാത്തതിനെ തുടർന്ന് അല്ലു സ്റ്റേഷനിൽ തുടരുകയായിരുന്നു. നിലവിൽ ചഞ്ചൽഗുഡ പോലീസ് സ്റ്റേഷനിൽ ആണ് ഉള്ളത് അല്ലു അർജുൻ ഉള്ളത്. നഗരത്തിൽ പലയിടത്തും ആരാധകർ പ്രതിഷേധിച്ചു. സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധമുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വ്യക്തിപരമായിപ്പോലും പ്രതിഷേധങ്ങൾ കനക്കുകയാണ്. ഭരണ പരാജയം മറച്ചുവെക്കാനായി ഒരു നടനെ ജയിലിൽ അടയ്ക്കുന്നു എന്നതടക്കമുള്ള വിമർശനമാണ് ഉയരുന്നത്.

അതേസമയം, എല്ലാവർക്കും ഒരേ നിയമം എന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രതികരണം. കുറ്റം ആര് ചെയ്താലും ഒരേ നിയമം ആണുള്ളത്. നടൻ ആണോ എന്ന് നോക്കി നിയമം മാറ്റാൻ ആകില്ല. അല്ലു അർജുൻ വെറുതെ വന്ന് സിനിമ കണ്ടിട്ട് പോയതല്ല. അല്ലു അർജുൻ കാറിൽ നിന്ന് ആരാധകരുടെ ഇടയിലേക്ക് ഇറങ്ങിയതാണ് തിക്കുംതിരക്കും ഉണ്ടാകാൻ കാരണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.