‘സിനിമയിൽ കോർപ്പറേറ്റ്‌വത്കരണം നടക്കുന്നു; സിനിമയിൽ ഉണ്ടാകുന്നത് സമൂഹത്തിന്റെ നേർ ചിത്രം’; മുഖ്യമന്ത്രി
സിനിമയിൽ കോർപ്പറേറ്റ്‌വത്കരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോർപ്പറേറ്റ്‌വത്കരണത്തെ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിനിമയിൽ പ്രത്യേക കാഴ്ചപ്പാട് മാത്രം കാണിച്ചാൽ സിനിമാ മേഖലയിലെ ശോഷണത്തിന് അത് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയിൽ ഉണ്ടാകുന്നത് സമൂഹത്തിന്റെ നേർ ചിത്രമാണ്. യാഥാർത്ഥ്യത്തെ കൂടി പ്രതിഫലിപ്പിക്കാൻ കഴിയുന്ന സിനിമകൾ സൃഷ്ടിക്കാൻ സിനിമ മേഖലയിലുള്ളവർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യവസ്ഥകളെ പ്രതിഫലിക്കാനുള്ള ഉപാധിയായി ചലചിത്ര മേളയും മാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേളയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം അറിയിക്കുന്നുവെന്നും രാഷ്ട്രീയ ഉള്ളടക്കത്തിലും ഉൾകാമ്പിന്റെ കാര്യത്തിലും മേള ബഹുദൂരം മുന്നോട്ട് പോയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നു എന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര പ്രദർശനം മാത്രമല്ല മേളയിൽ നടക്കുന്നത്. ചർച്ചകൾ പുരോഗമന സ്വഭാവമുള്ളവയാണ്. ചലച്ചിത്ര മേള എന്നതിനപ്പുറം ട്രെന്ഡുകൾ പരിചയപ്പെടുത്തുന്ന വേദി കൂടിയായി മേള മാറി. കഴിഞ്ഞ ചലച്ചിത്ര മേളയിൽ ഫലസ്തീന് ഐക്യദാർഢ്യ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അമർത്തപ്പെടുന്നവരുടെയും പീഡിപ്പിക്കുന്നവരുടെയും ഒപ്പം നിന്ന് അവരുടെ ജീവിതം അറിയിക്കാനാണ് ചലച്ചിത്രമേളയിലൂടെ ശ്രമിച്ചത്.