2019 ലെ പ്രളയം മുതല്‍ വയനാട് ഉരുള്‍പൊട്ടല്‍ വരെ; രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം; 132 . 62 കോടി തിരിച്ചടയ്ക്കണം
രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്. ഒക്ടോബര്‍ 22നാണ് കത്ത് ലഭിച്ചത്. എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചത്. 132 . 62 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. 2019 ലെ പ്രളയം മുതല്‍ വയനാട് രക്ഷാപ്രവര്‍ത്തനം വരെയുള്ള സേവനങ്ങള്‍ക്കാണ് ഇത്രയും തുക ആവശ്യപ്പെടുന്നത്. അടിയന്തരമായി തിരിച്ചടക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.
2019 ഒക്ടോബര്‍ 22 മുതല്‍ 2024 ജൂലൈ 31 വരെയുള്ള കാലത്ത് എയര്‍ലിഫ്റ്റിംഗിനും മറ്റ് രക്ഷാപ്രവര്‍ത്തനത്തിനുമായി വ്യോമസേന വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതില്‍ ചെലവായ തുക ഇനത്തിലാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ജോയ്ന്റ് സെക്രട്ടറി എയര്‍ മാര്‍ഷല്‍ വിക്രം ഗൗര്‍ ആണ് അന്നത്തെ ചീഫ് സെക്രട്ടറിക്ക് ഡോ. വി വേണുവിനെ അഭിസംബോധന ചെയ്തുകൊണ്ട് കത്തയച്ചത്.
മൂണ്ടക്കൈ – ചൂരല്‍മല ദുരന്തം നടന്ന ജൂലൈ 30ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് 6,72 കോടി രൂപയും 2.19 കോടിരൂപയും രണ്ട് കണക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയ ദുരിതാശ്വാസമായി ജൂലൈ 31ന് 2.48 കോടി രൂപ കൂടി പ്രതിരോധ മന്ത്രാലയം അയച്ചുതന്ന കണക്കിലുണ്ട്. ജൂലൈ 31ന് തന്നെ എയര്‍ലിഫ്റ്റ് ചെയ്ത വകയില്‍ 1.72 കോടി രൂപയും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.കുടിശികയായി കിടക്കുന്ന തുക എത്രയും വേഗം നല്‍കണം എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം.