KeralaTop News

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Spread the love

മതനിന്ദ ആരോപിച്ച് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പിവി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ കാലത്തും ശിക്ഷാവിധിക്ക് ശേഷവും 9 വര്‍ഷത്തിലധികം കാലമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് എന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. കൈവെട്ട് കേസിലെ പ്രധാന പ്രതിയായ എംകെ നാസറിന് ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ എതിര്‍ത്തു. എന്നാല്‍ എന്‍ഐഎയുടെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. എന്‍ഐഎ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ സമീപഭാവിയില്‍ പരിഗണിക്കാന്‍ സാധ്യതയില്ലെന്നും നിരീക്ഷിച്ചാണ് തീരുമാനം.

ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ട് പോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം നല്‍കിയത്. പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതിയാണ് എംകെ നാസർ. അധ്യാപകന്റെ കൈവെട്ടാനുള്ള ഗൂഢാലോചനയുടെ പ്രധാന സൂത്രധാരൻ നാസർ ആണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം .2010 ജൂലൈയിലാണ് പ്രൊഫ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്.